കുന്പളാംപൊയ്ക സർവീസ് സഹകരണ ബാങ്ക്
പത്തനംതിട്ട: കുന്പളാംപൊയ്ക സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടുവെന്നതടക്കം പ്രചാരണം വാസ്തവവിരുദ്ധമെന്ന് പ്രസിഡന്റ് ബഞ്ചമിൻ ജോസ് ജേക്കബും ഭരണസമിതിയംഗങ്ങളും പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ബാങ്ക് ജീവനക്കാർക്കെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ അതിൽ നിന്നും രക്ഷനേടാൻ ബാങ്കിനും ഭരണസമിതിക്കുമെതിരേ വ്യാജ പരാതികൾ അയച്ച് ഭരണസമിതിയെ സമ്മർദത്തിലാക്കാനും ബാങ്കിനെ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഭരണസമിതി കുറ്റപ്പെടുത്തി.
2018ൽ ബാങ്കിൽ നടന്ന സാന്പത്തിക ക്രമക്കേടിനേ തുടർന്ന് നഷ്ടത്തിലാകുകയും നിക്ഷേപകരുടെ പണം പോലും നൽകാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. പുതിയ ഭരണസമിതി അധികാരത്തിലെത്തുന്പോൾ നിക്ഷേപകർക്ക് നൽകാനുണ്ടായിരുന്ന 32 കോടിയോളം രൂപയിൽ 20 കോടി രൂപയോളം നൽകിയിട്ടുണ്ട്. നിലവിൽ നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടെത്തുന്നവർക്ക് മടക്കി നൽകാനുള്ള ക്രമീകരണമുണ്ട്.
നിലവിലെ ഭരണസമിതിക്കെതിരേ പണാപഹരണവുമായി ബന്ധപ്പെട്ട് എവിടെയും പരാതികളില്ല. എന്നാൽ ആരോപണം ഉന്നയിക്കുന്ന മുൻ പ്രസിഡന്റിനെതിരേ രണ്ടുലക്ഷം രൂപയുടെ തിരിമറി സംബന്ധിച്ചു വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കവേ അട്ടിമറി നീക്കം സജീവമാണെന്നും ഇതിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണമെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. ഭരണസമിതിയംഗങ്ങളായ ഷീബ ജേക്കബ്, രജനി സനൽകുമാർ, പി.സി. ചാക്കോ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags :