പിടിയിലായ പ്രതികൾ.
പാരിപ്പള്ളി: എഴിപ്പുറത്തെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) ബോട്ട്ലിംഗ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കാർ ഇടിച്ചുകയറ്റി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ പരവൂർ കൂനയിൽ പുലിക്കുളത്ത് കിഴക്കതിൽ ഷിബു രാജ് (28), പുതക്കുളം ഈഴം വിള കല്ലുവിള വീട്ടിൽ ജയൻ (47) എന്നിവരെ പാരിപ്പള്ളി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. 15 മുതൽ 18 വരെ ടൺ പാചകവാതകം നിറച്ച 20 ഓളം ബുള്ളറ്റ് ടാങ്കറുകൾ ആ സമയത്ത് യാർഡിലുണ്ടായിരുന്നു. അതീവ സുരക്ഷാ മേഖലയിലേയ്ക്കാണ് കാർ പാഞ്ഞുകയറിയത്. ഗേറ്റിലും മറ്റും ഇടിച്ച കാർ പാചകവാതകം നിറഞ്ഞ ബുള്ളറ്റ് ടാങ്കറുകളിലേക്ക് ഇടിച്ചുകയറിയെങ്കിലും ബുള്ളറ്റ് ടാങ്കറുകളുടെ വാൽവുകൾക്ക് തകരാർ സംഭവിക്കാതിരുന്നതിനാൽ വാതക ചോർച്ച സംഭവിച്ചില്ല.
അതിനാൽ തന്നെ വൻ ദുരന്തം ഒഴിവായി. അവിടെ പാർക്ക് ചെയ്തിരുന്ന നിരവധി ട്രക്കുകൾക്ക് ഏകദേശം 25,000 രൂപയുടെ നാശനഷ്ടം വരുത്തുകയും സുരക്ഷാ ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. ഗ്യാസ് നിറച്ച ട്രക്ക് പ്ലാന്റിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന സമയത്താണ് കാർ എത്തിയത്. കാർ പാഞ്ഞു കയറി വരുന്നത് കണ്ട് സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പാരിപ്പള്ളി പൊലിസ് ഇവരെ സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത ശേഷം പിഡിപിപി ആക്ട് ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പാരിപ്പള്ളി എസ്എച്ചഒ ആശ വി. രേഖ, എസ്ഐ മനു, എഎസ്ഐ തോമസ്, ബിന്ദുകുമാരി, സിപിഒമാരായ അഖിൽ, അരുൺ, സബിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.