ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ 10,12 ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി ഒരുക്കിയ ബ്ലെസിംഗ് ഡേയിൽ പങ്കെടുത്തവർ.
ശ്രീകൃഷ്ണപുരം: സെന്റ് ഡൊമിനിക് സ്കൂളിലെ 10,12 ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കുംവേണ്ടി ഒരുക്കിയ ബ്ലെസിംഗ് ഡേയിൽ എഴുനൂറു പേർ പങ്കെടുത്തു. 10,12 ക്ലാസിലെ ബോർഡ് എക്സാമിനുമുന്പുള്ള ഒരുക്കമായിട്ടാണ് ഇലൂമിനേറ്റ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്. പരീക്ഷാഭയം മാറുക, മെച്ചപ്പെട്ട പരീക്ഷാ ഒരുക്കത്തിനുള്ള മാനസികതയാറെടുപ്പ് നടത്തുക, രക്ഷിതാക്കളുടെ പ്രോത്സാഹനവും പിന്തുണയും ഫൈനൽപരീക്ഷയ്ക്കുവേണ്ടിയുള്ള തയാറെടുപ്പിൽ കരുത്താക്കുക, അധ്യാപകരുടെ അനുഗ്രഹം സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തിയത്.
പാലക്കാട് രൂപത യുവജന ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പൗളിൻ ഒപി, അധ്യാപകർ എന്നിവർ നേതൃത്വം നല്കി. സ്കൂളിലെ കുട്ടികൾക്കും ശ്രീകൃഷ്ണപുരം പ്രദേശത്തെ മറ്റു വിദ്യാർഥികൾക്കും ആവശ്യമായ കരിയർ ഓറിയന്റേഷനും കരിയർ കൗണ്‍സലിംഗും നല്കാൻ സ്കൂൾ ദിവസങ്ങളിൽ കരിയർ കൗണ്‍സലിംഗ് ഡെസ്ക് സ്കൂളിൽ ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പഠനത്തിന്റെ പുതിയ മേഖലകൾ തേടുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ പുതിയ പദ്ധതിയുടെ സഹായം ലഭ്യമാകും.