കരിയം കാപ്പിൽ പുലിയുടെ സിസിടിവി ദൃശ്യങ്ങൾ
അയ്ക്കാത്തോട്: കരിയം കാപ്പിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാലിന് അടയ്ക്കാത്തോട് - രാമച്ചി റോഡിലുള്ള സ്കറിയാ പള്ളിവാതുക്കലിന്റെ തോട്ടത്തിലെ സിസിടിവി കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ജനവാസ മേഖലയിലേക്ക് നീങ്ങുന്നതായാണ് ദൃശ്യത്തിൽ ഉള്ളത്. തോട്ടം പാട്ടത്തിന് എടുത്തു ടാപ്പ് ചെയ്യുന്ന മഠത്തിൽ വിനു ജോസഫ് ആണ് പുലിയുടെ ദൃശ്യം സിസിടിവിയിൽ കണ്ടത്.
പുലി സാന്നിധ്യമുള്ള പ്രദേശമായതിനാൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ തോട്ടത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവിടെ ടാപ്പ് ചെയ്യാൻ ഇറങ്ങുന്നത്. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. ജനവാസ മേഖല അല്ലാത്തതിനാലും വനം അടുത്തുള്ളതിനാലും പുലി വനത്തിലേക്ക് തിരികെ പോയതായി സംശയിക്കുന്നതായി വനപാലകർ പറഞ്ഞു.
മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രമോദ്കുമാർ സ്ഥലത്തെത്തി. ജനങ്ങൾ നിർദേശിക്കുന്ന സ്ഥലത്ത് അടിയന്തരമായി മൂന്ന് ഓൺലൈൻ കാമറകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചു. രാത്രിയും പകലും പട്രോളിംഗ് നടത്താനും ഫോറസ്റ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇനിയും പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കും. റബർ ടാപ്പിംഗിനും മറ്റും പോകുന്ന ആളുകൾക്ക് തങ്ങളുടെ ജോലികൾ ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് വനം വകുപ്പിനോട് ആവശ്യപ്പെട്ടു. കാമറ ദൃശ്യങ്ങൾ പഞ്ചായത്തിനും ആവശ്യപ്പെടുന്ന വ്യക്തികൾക്കും ലഭ്യമാക്കാനും ഇനിയും പുലിയുടെ സാന്നിധ്യം കാമറയിൽ പതിയുകയാണെങ്കിൽ കൂടുവച്ച് പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് ഉറപ്പു നല്കി. വൈസ് പ്രസിഡന്റ് ബിജു ചാക്കോ, വാർഡംഗം അബ്ദുൾസലാം തുടങ്ങിയവർ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
Tags : CCTV footage nattuvishasham local news