മറ്റം നിത്യസഹായമാത
മറ്റം: നിത്യസഹായ മാതാവിന്റെ തീർഥകേന്ദ്രത്തിലെ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 5.30, 7.00, 8.30 വൈകിട്ട് 4.00 സമയങ്ങളിൽ തീർഥകേന്ദ്രത്തിൽ വിശുദ്ധ കുർബാനകൾ.
രാവിലെ 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിനിൽ കുരിശുത്തറ മുഖ്യകാർമികനാകും. ഫാ. ഫ്രാൻസിസ് എലുവത്തിക്കൽ സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണം. വൈകിട്ട് ആറിന് ഇടവകപ്പള്ളിയിലെ വിശുദ്ധ കുർബാനയ്ക്ക് ഇറ്റാനഗർ ബിഷപ് മാർ ബെന്നി വർഗീസ് ഇടത്തട്ടേൽ കാർമികനാകും.
തീർഥകേന്ദ്രത്തിലക്ക് നടക്കുന്ന ആഘോഷമായ കിരീടംഎഴുന്നള്ളിപ്പിൽ ബാൻഡ് വാദ്യ താളങ്ങളുടെ അകമ്പടിയോടെ 33 കുടുംബ കൂട്ടായ്മകളെ പ്രതിനിധീകരിച്ചുള്ള 33 പൊന്നിൻ കുരിശും മുത്തു കുടകളുമായി നിത്യസഹായ മാതാവിന്റെ മാധ്യസ്ഥം വഹിച്ചുകൊണ്ട് കിരീടം എഴുന്നള്ളിപ്പിൽ പങ്കെടുക്കും. രാത്രി ഒമ്പതിന് മെഗാ ബാൻഡ് മേളം, വർണമഴ എന്നിവ നടക്കും.
പഴുവിൽ വിശുദ്ധ അന്തോണീസ്
പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിനോടനുബന്ധിച്ചുള്ള കൂടുതുറക്കൽ ശുശ്രൂഷ ഇടവകപള്ളിയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. തുടർന്ന് ഇടവകപള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം തീർഥകേന്ദ്രത്തിൽ സമാപിച്ചു. പഴുവിൽ ഫൊറോന വികാരി ഫാ. ജോബ് വടക്കൻ, അസി. വികാരി ഫാ. ടോൾമിൻ മൊറേലി, ട്രസ്റ്റിമാരായ ജെയിംസ് തട്ടിൽ, ആന്റോ ചാലിശേരി, സുനിൽ കുറ്റിക്കാടൻ, മാത്യു ഇരിമ്പൻ, തിരുനാൾ ജനറൽ കൺവീനർ സ്റ്റാൻലി ജോസഫ്, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
തിരുനാൾദിനമായ ഇന്നുരാവിലെ 6.30ന് ഇടവകപ്പള്ളിയിലും എട്ടിനും പത്തിനും വൈകീട്ട് നാലിനും തീർഥകേന്ദ്രത്തിലും വിശുദ്ധ കുർബാനയുണ്ടാകും. അടിമസമർപ്പണം രാവിലെ പത്തി ന് നടക്കും. രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടക്കും. വൈകീട്ട് നാലിനുള്ള കുർബാനയ്ക്ക് ശേഷം തീർഥകേന്ദ്രത്തിൽ നിന്ന് ഇടവകപ്പള്ളിയിലേക്ക് പ്രദക്ഷിണം. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നേർച്ച ഊട്ട് നടക്കും.നാളെ വൈകീട്ട് ഏഴിന് കൊച്ചിൻ തരംഗ് ബീറ്റ്സിന്റെ ഗാനമേള അരങ്ങേറും. ഏപ്രിൽ 26ന് എട്ടാമിടം ആഘോഷിക്കും.
അരിമ്പൂർ സെന്റ് ആന്റണീസ്
അരിമ്പൂർ: സെന്റ്്്് ആന്റണീസ് പള്ളി തിരുനാൾ ആഘോഷത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് കൂടുതുറക്കൽ ശുശ്രൂഷ നടന്നു. ഫാ. ജിസ്വിൻ വാഴപ്പിള്ളി ചടങ്ങുകൾക്ക് കാർമികനായി. ഫാ. സോളി തട്ടിൽ, ഫാ. ജോബിൻ ഐനിക്കൽ എന്നിവർ സഹകാർമികരായി.
മുല്ലശേരി നല്ല ഇടയൻ
മുല്ലശേരി: നല്ല ഇടയന്റെ ദേവാലയത്തിൽ നടക്കുന്ന ഉണ്ണീശോയുടെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുനാൾ തുടങ്ങി. തിരുനാളിന് ഒരുക്കമായി ഇന്നലെ രാവിലെയുള്ള ദിവ്യബലിയെ തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിപ്പും, അമ്പ്, വളവെഞ്ചരിപ്പും നടന്നു. തുടർന്ന് വാദ്യ മേളങ്ങളോടെ കുടുംബ യൂണിറ്റുകളിൽ അമ്പ് വള എഴുന്നള്ളിപ്പുകൾ നടന്നു. വികാരി ഫാ. റ്റിജോ ജോയ് മുള്ളക്കര തിരുനാൾ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. അമ്പ്, വള എഴുന്നള്ളിപ്പുകൾ ദേവാലയത്തിലെത്തി സമാപിച്ചതോടെ മെഗാ ബാൻഡ് മേളവും നടന്നു.
തിരുനാൾ ദിവസമായ ഇന്നുരാവിലെ പത്തിനുള്ള ആഘോഷമായ തിരുനാൾ ഗാന പൂജയ്ക്ക് ഫാ. ജോഷി പാലിയേക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. പോൾ മാളിയേമാവ് തിരുനാൾ സന്ദേശം നൽകും. വൈകീട്ട് അഞ്ചിന് വാദ്യമേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടെ ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷീണം നടക്കും.
നാളെ രാവിലെ 6.30ന് ഇടവകയിൽ നിന്നും മരിച്ചു പോയവർക്കുവേണ്ടിയുള്ള ദിവ്യബലിയും തിരുകർമങ്ങളും ഉണ്ടാകും. വൈകീട്ട് ഏഴിന് തൃശൂർ കലാസദന്റെ ഗാനമേളയും അരങ്ങേറും.
Tags : nattu vishesham celebrations churches