പ്രതീകാത്മക ചിത്രം
ചാത്തന്നൂര്‍: പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പിലാക്കിയ സുരക്ഷിത ഗ്രാമം മാലിന്യ മുക്ത ഗ്രാമം പദ്ധതി പ്രഹസ നമാകുന്നു.വലിയ അവകാശവാദങ്ങളോടെ സ്ഥാപിച്ച സിസിടിവി കാമറകള്‍ കഴിഞ്ഞ ഒരു മാസമായി മെയിന്റനന്‍സ് എന്ന പേരില്‍ അഴിച്ചുമാറ്റിയിരിക്കുകയാണ്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഇവ പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കാമറകള്‍ ഉണ്ടായിരുന്ന സമയത്തുപോലും കൃത്യമായ മോണിറ്ററിംഗ് സംവിധാനമോ കുറ്റക്കാര്‍ക്കെതിരെ നിയമനടപടികളോ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിന്റെ ഫലമായി കാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ തന്നെ മാലിന്യം വലിച്ചെറിയുന്ന ദയനീയ കാഴ്ചയാണ് നിലവിലുള്ളത്.നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം സാമൂഹ്യവിരുദ്ധര്‍ക്ക് വളം വച്ചുകൊടുക്കുകയാണ്.
സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ നിത്യേന യാത്ര ചെയ്യുന്ന വഴികളാണുള്ളത്. മാലിന്യ നിക്ഷേപം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമെ, തെരുവുവിളക്കുകളുടെ അഭാവവും നിരീക്ഷണ കാമറകളുടെ കുറവും വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
പദ്ധതിയുടെ പേരില്‍ ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല എന്ന് ആയുസ് വയോജനഅയല്കൂട്ടം ആരോപിക്കുന്നു.
അടിയന്തരമായിനടപ്പിലാക്കേണ്ട കാര്യങ്ങള്‍
അഴിച്ചുമാറ്റിയ കാമറകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കുക. പഞ്ചായത്ത് ഓഫിസില്‍ കേന്ദ്രീകൃത മോണിറ്ററിംഗ് സംവിധാനം ആയുസ് ശക്തിപ്പെടുത്തുക. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികളും പിഴയും ഈടാക്കുക. ഈ വഴികളിലെ സുരക്ഷ ഉറപ്പാക്കാന്‍ പൊലിസ് പട്രോളിംഗ് ശക്തമാക്കുക. അനാസ്ഥ തുടർ ന്നാൽ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കാരംകോട് ആയുസ് വയോജന അയല്‍ക്കൂട്ടത്തിന്റെ തീരുമാനം.
Tags : Chathannoor Panchayat azhimathi NattuVishesham DistrictNews