മന്ത്രി പി.കെ. ബഷീർ
സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകും
കൊല്ലം: കൊല്ലം ചിന്നക്കടയിൽനിന്ന് കുണ്ടറ, കൊട്ടാരക്കര, പുനലൂർ വഴി ഇടമൺ വരെയുള്ള ദേശീയപാത 744 ദേശീയപാതയായി നിലനിർത്തുന്നതിനും നാലുവരി പാതയായി വികസിപ്പിക്കുന്നതിനും കേന്ദ്ര സർക്കാരിന് കത്ത് നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ.
നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ പേരിൽ നിലവിലുള്ള ചിന്നക്കട-ഇടമൺ റോഡിന്റെ ദേശീയപാത പദവി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
മുൻ സർക്കാർ ചിന്നക്കട-ഇടമൺ റോഡ് സംസ്ഥാന സർക്കാരിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നൽകിയ കത്ത് റദ്ദാക്കണമെന്നും പ്രസ്തുത പാത ദേശീയപാതയായി നിലനിർത്തി നാലുവരിയായി വികസിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
പ്രതിദിനം മുപ്പതിനായിരത്തോളം വാഹനങ്ങൾ കടന്നുപോകുന്ന ചിന്നക്കട-ഇടമൺ പാതയുടെ വികസനം കൊല്ലം ജില്ലയുടെ ഗതാഗത ആവശ്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.
കടമ്പാട്ടുകോണത്തേക്കുള്ള നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ യാഥാർഥ്യമായാലും കൊല്ലം നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ ഗതാഗത പ്രശ്നങ്ങൾക്ക് അതുകൊണ്ടുമാത്രം പരിഹാരമാകില്ല. കൊല്ലം നഗരത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും പ്രതിദിനം എത്തുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കാൻ നിലവിലുള്ള ചിന്നക്കട-ഇടമൺ റോഡ് വികസിപ്പിക്കേണ്ടതുണ്ട്.
ചിന്നക്കട, കുണ്ടറ, കൊട്ടാരക്കര, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ വികസനം ജില്ലയിലെ വ്യാപാര-വാണിജ്യ മേഖലകളുടെയും പൊതുഗതാഗതത്തിന്റെയും വളർച്ചയ്ക്ക് നിർണായകമാണ്. അതിനാൽ നിലവിലുള്ള ദേശീയപാതയുടെ പ്രാധാന്യം കുറയ്ക്കുന്ന നടപടികൾ ഒഴിവാക്കി ദേശീയപാത പദവി നിലനിർത്തി നാലുവരി പാതയായി വികസിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപടികൾ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ചിന്നക്കട-ഇടമൺ റോഡ് വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് തുറന്ന സമീപനമാണുള്ളതെന്നും പൊതുജനങ്ങളുടെ വികാരവും പ്രദേശത്തിന്റെ ഗതാഗത ആവശ്യങ്ങളും പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പി.കെ. ബഷീർ വ്യക്തമാക്കി.
Tags : National Highway Nattuvishesham DistrictNews DeepikaNews