കൽപ്പറ്റ: സർക്കാർ ഫണ്ടുകളുടെ വിനിയോഗം എങ്ങനെയെന്ന് അറിയാനുള്ള പൂർണ അവകാശം പൗരൻമാർക്കുണ്ടെന്നും അവകാശം വിനിയോഗിക്കാൻ ജനങ്ങൾ തയാറാകണമെന്നും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ വി. ഹരിനായർ പറഞ്ഞു. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ പൂതാടി അങ്ങാടിശേരി ഉന്നതിയിലെ എംപിസിയിൽ നടന്ന വിവരാവകാശ ബോധവത്കരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമം 2005 പ്രകാരം പൗരൻമാർക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ചും അവ ഫലപ്രദമായി വിനിയോഗിക്കേണ്ട രീതികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിവരാവകാശ നിയമ പ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് സർക്കാർ ഉദ്യോഗസ്ഥർ 30 ദിവസത്തിനകം മറുപടി നൽകണം. മറുപടി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിയമ പ്രകാരം പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ കമ്മിഷണർ മാരായ ഡോ.എം. ശ്രീകുമാർ, ഡോ. സോണിച്ചൻ പി. ജോസഫ്, ടി.കെ. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വിവരാവകാശ കമ്മിഷൻ മുൻ ലീഗൽ എക്സ്പേർട്ട് കെ. പ്രസാദ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന് വിവരാവകാശ നിയമപ്രകാരം തേടാമെന്നും അദ്ദേഹം വ്യക്തമാക്കി.
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശോഭന ദേവി, വാർഡ് അംഗങ്ങളായ സുമ രാജു, നിഷിത സുരേന്ദ്രൻ, എം.പി. സുലൈഖ, പി. ബിനിത വിജയൻ, ബോളൻ, അങ്ങാടിശേരി, തെങ്ങുമുട്, വിജയൻകുന്ന് ഉൗര് നിവാസികൾ എന്നിവർ പങ്കെടുത്തു.
Tags :