തൃശൂർ (ഫയൽ ചിത്രം)
തൃശൂർ: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന തൃശൂർ നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 202 പൗരന്മാർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ബജറ്റ് പ്രഖ്യാപനങ്ങളും നിർവഹണവും തമ്മിലുള്ള അന്തരവും, കോർപറേഷൻ, പൊതുമരാമത്ത്, പൊലിസ്, കെഎസ്ഇബി, വാട്ടർ അഥോറിറ്റി എന്നിവയുടെ ഏകോപനമില്ലായ്മയുമാണ് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമെന്ന് തൃശൂർ സിറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന പടിഞ്ഞാറേക്കോട്ട ജംഗ്ഷൻ നവീകരണമാണ് പ്രധാന ആവശ്യം. ബജറ്റിൽ മേൽപാലത്തിനായി 60 കോടി വകയിരുത്തിയെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല. എണ്ണക്കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ജംഗ്ഷൻ നവീകരിക്കാമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാഗ്ദാനത്തിന് അടിയന്തര ഭരണാനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വകുപ്പുകൾ തമ്മിലുള്ള ഏകോപനപ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്രീയ ഗതാഗത പരിഷ്കരണ നിർദേശങ്ങൾ തയാറാക്കാനും മെട്രോമാൻ ഇ. ശ്രീധരന്റെ സേവനം തേടണം. പടിഞ്ഞാറേക്കോട്ട, സ്വരാജ് റൗണ്ട്, റെയിൽവേ സ്റ്റേഷൻ അപ്രോച്ച് റോഡുകൾ, ബസ് ടെർമിനലുകൾ എന്നിവ അദ്ദേഹം നേരിട്ട് സന്ദർശിച്ച് നിർദേശങ്ങൾ തയാറാക്കണം. കൂടാതെ പ്രധാന ജംഗ്ഷനുകളിൽ എഐ ട്രാഫിക് സിഗ്നലുകൾ, പിപിപി മാതൃകയിൽ പുഴയ്ക്കൽ മൊബിലിറ്റി ഹബ്, തൃശൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി, ബ്രാൻഡ് തൃശൂർ ടൂറിസം സർക്യൂട്ട് എന്നിവയും വേഗത്തിലാക്കണം.
തൃശൂർ സിറ്റിസൺസ് ഭാരവാഹികളായ ജി. ഹരീഷ്, സി.എ. മുരളീധരൻ, ബിജു ടി. ജോസഫ്, വി.കെ. സോമരാജ്, ടി.കെ. ഗണേഷ്, പി.കെ. രഘുനാഥ്, എം.കെ. കൃഷ്ണമൂർത്തി, ബാബു ടി. ജോസഫ്, എം.ആർ. സജീവ് കുമാർ
തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 202 പൗരന്മാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കും നിവേദനത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
Tags : Civil society seeks solutions Nattuvishesham DistrictNews