ശ്രീനാരായണപുരം കട്ടൻ ബസാറിൽ വാടകക്കെട്ടിടത്തിൽ കണ്ടെത്തിയ നോട്ടുകെട്ടുകൾ.
എസ്എൻപുരം: ശ്രീനാരായണപുരം കട്ടൻ ബസാറിൽ വാടകക്കെട്ടിടത്തിൽ നോട്ടുകൾ കണ്ടെത്തി.
പൊലിസ് പരിശോധനയിൽ സിനിമാചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകളെന്നാണ് പ്രാഥമികവിവരം. ശ്രീനാരായണപുരം കട്ടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ കള്ളനോട്ട് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് റൂറൽ സ്ക്വാഡും മതിലകം പൊലിസും സ്ഥലത്തെത്തിയത്.
കെട്ടിടത്തിന്റെ വാതിൽ തുറന്ന് നടത്തിയ പരിശോധനയിൽ 18 ഓളം കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ഇതോടെ കള്ളനോട്ടുകളാണെന്ന സംശയത്തിൽ പൊലിസ് വിശദമായി പരിശോധിച്ചു. എന്നാൽ ഇവ യഥാർഥ കറൻസിയല്ലെന്നും സിനിമാ ചിത്രീകരണത്തിനും മറ്റും ഉപയോഗിക്കുന്ന ഡമ്മി നോട്ടുകളാണെന്നുമാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
തുടർന്ന് നോട്ടുകൾ മതിലകം പൊലിസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഇത്രയധികം സിനിമാ നോട്ടുകൾ എന്തിനാണ് വാടകക്കെട്ടിടത്തിൽ സൂക്ഷിച്ചതെന്നും ആരാണ് ഇവ എത്തിച്ചതെന്നും പൊലിസ് അന്വേഷിക്കുകയാണ്.