കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ്.
ഇരിട്ടി: കേരള-കർണാടക അതിർത്തിയിലെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ രണ്ടുമാസമായി ഇൻസ്പെക്ടറില്ല. ഇൻസ്പെക്ടർ സ്ഥലംമാറിപ്പോയതിനെ തുടർന്ന് ഒഴിവുവന്ന തസ്തികയിൽ പകരക്കാരനെ നിയമിക്കാത്തതാണ് ചെക്പോസ്റ്റിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയത്.
ഇതോടെ അതിർത്തി കടന്നുള്ള വാഹനപരിശോധനകളും ലഹരികടത്ത് തടയാനുള്ള നടപടികളും താളംതെറ്റുകയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക്പോസ്റ്റിൽ രണ്ട് ഷിഫ്റ്റുകളിലായാണ് ഉദ്യോഗസ്ഥർ ജോലിചെയ്യുന്നത്. ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴു ജീവനക്കാരാണ് ഒരു ഷിഫ്റ്റിൽ ജോലിചെയ്യുന്നത്. എന്നാൽ, കുറഞ്ഞത് രണ്ട് ഇൻസ്പെക്ടർമാരെങ്കിലും ആവശ്യമായ ഇവിടെ വർഷങ്ങളായി ഒരാൾ മാത്രമാണുണ്ടായിരുന്നത്. പകരം ഡ്യൂട്ടി ക്രമീകരിച്ചാണ് ഇതുവരെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നത്.
നിലവിൽ ഇൻസ്പെക്ടർ പോലുമില്ലാത്ത സ്ഥിതിയായതോടെ ചെക്ക്പോസ്റ്റിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. ഇൻസ്പെക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യമില്ലാതെ പരിശോധന നടത്തുന്നതിന് ചട്ടപരമായ നിയന്ത്രണങ്ങളുണ്ട്. ഇതിനുപുറമേ ജീവനക്കാരുടെ കുറവും പരിശോധനയെ ബാധിക്കുന്നു. ഇൻസ്പെക്ടറില്ലാത്ത സാഹചര്യത്തിൽ മറ്റുദ്യോഗസ്ഥരിൽ പലരും അവധിയെടുക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.