പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചിനുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
അയ്യന്തോള്‍: പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. സുധീർ അടക്കം നിരവധി പ്രവർത്തകർക്കു പരിക്കേറ്റു.
പട്ടികജാതിവിഭാഗങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് പടിഞ്ഞാറേകോട്ടയില്നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കളക്ടറേറ്റിനുമുന്നിലെ ബാരിക്കേഡുകള്‍ തള്ളിമാറ്റി മുന്നോട്ടുപോകാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്നു പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.ആര്. ഹരി, പി.കെ. ബാബു, ലോചനന്‍ അമ്പാട്ട്, സുരേന്ദ്രന് ഐനിക്കുന്നത്ത്, എൻ.ആർ. റോഷന് എന്നിവര്‍ പ്രസംഗിച്ചു