കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കോളജ് അധ്യാപകനു നേരേ വധഭീഷണി. കെഎസ്യു നേതാവിനെതിരേ അധ്യാപകൻ കായംകുളം പോലീസിൽ പരാതി നൽകി. കായംകുളം എംഎസ്എം കോളജിലെ ഫിസിക്സ് വിഭാഗം മേധാവിയും എകെപിസിടിഎ സംസ്ഥാന കൗൺസിൽ അംഗവുമായ കെ.എം. അനിൽകുമാറിനു നേരേയാണ് കെഎസ്യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലിൽ ഭീഷണി മുഴക്കിയത്.
അധ്യാപകന്റെ വാട്സ്ആപ്പിലാണ് വധഭീഷണി സന്ദേശം ലഭി ച്ചത്. നിന്റെ അന്ത്യം കണ്ടിട്ടേ എനിക്ക് ഉറക്കമുള്ളൂ,
നിന്നെ ഞാൻ നശിപ്പിക്കും. അധ്യാപകരായ ഡോ. ഫറുക്കിനെയും, അൻവറിനെയും നശിപ്പിക്കുമെന്നും എനിക്കു വേണ്ടി വിളിക്കാൻ പോകുന്നത് മുഖ്യമന്ത്രി ആയിരിക്കും... എഴുതിവെച്ചോ എന്നും ബാക്കി എന്തു കാണിക്കണമെന്നും എങ്ങനെ കാണിക്കണമെന്നും എനിക്കറിയാമെന്നും ഭീഷണിസന്ദേശത്തിലുണ്ട് .
എംഎസ്എം കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന മുഹമ്മദ് സുഹൈൽ ഹാജർ ഇല്ലാത്തതിനാൽ പുറത്തായിരുന്നു. വീണ്ടും പ്രവേശനത്തിന് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. കേരള സർവകലാശാലയും കോളജിന് ഉചിതമായ തീരുമാനമെടുക്കാൻ അനുമതി നൽകിയിരുന്നു. കോടതിയെ സമീപിച്ചെങ്കിലും സുഹൈലിന് അനുകൂല വിധി ഉണ്ടായില്ല.