പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്ന് പ്രചരിപ്പിച്ച് കളരിപ്പയറ്റ് മത്സരം നടത്തുന്നതായി പരാതി. കാര്‍സര്‍കോട് സ്വദേശിയും മറ്റ് ചില വ്യക്തികളും ചേര്‍ന്ന് വടകരയില്‍ നടത്തുന്ന കളരിപ്പയറ്റ് മത്സരത്തിന് കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും അംഗീകാരമുണ്ടെന്ന് സോഷ്യല്‍ മീഡിയ വഴിയും മറ്റുള്ള മാര്‍ഗങ്ങളിലൂടെയും പൊതുജനങ്ങളെയും ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 68 വര്‍ഷമായി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവരുന്ന കേരള കളരിപ്പയറ്റ് അസോസിയേഷന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് വ്യാജരേഖകള്‍ നിര്‍മിച്ചുനല്‍കി പുതുക്കിയതായും അവര്‍ ആരോപിച്ചു.
വ്യാജ രേഖ നിര്‍മിച്ച കാസര്‍കോഡ് സ്വദേശിയുടെയും ഇയാളുടെ പിതാവിന്റെയും മറ്റ് ആറുപേരുടെയും പേരില്‍ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതുപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി അസോസിയേഷന് അംഗങ്ങള്‍ അറിയിച്ചു.
സ്റ്റേറ്റ് കളരിപ്പയറ്റ് അസോസിയേഷന് പ്രസിഡന്റ് എം.കെ. രാജഗോപാലന്‍, ജില്ലാ പ്രസിഡന്റ് ആനന്ദന് ഗുരുക്കള്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.സി. മുരളീധരന് ഗുരുക്കള്‍, കെ. സനില്‍കുമാര്‍ ഗുരുക്കള്‍, മൂസഹാജി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Kalaripayattu competition Nattuvishesham District News District Sports Council.