പത്തനംതിട്ട: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പത്തനംതിട്ട ജില്ലയിലെ സ്ഥാനാർഥികൾ ഉൾപ്പെട്ടിട്ടില്ല. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന തിരുവല്ല മണ്ഡലത്തിലെ സ്ഥാനാർഥിയായി യുഡിഎഫ് ജില്ലാ ചെയര്മാന് കൂടിയായ അഡ്വ. വര്‍ഗീസ് മാമ്മനെ പ്രഖ്യാപിച്ചതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം.
ജില്ലയിലെ മറ്റ് നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മത്സരിക്കേണ്ടത്. ആദ്യ പട്ടികയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന നേതാക്കളും പ്രവർത്തകരും വൈകുന്നേരം വരെ ഡിസിസിയില്കാത്തിരുന്നെങ്കിലും നിരാശരായി.
ആറന്മുളയില് അബിന്‍ വര്‍ക്കി, റാന്നിയില്‍ പഴകുളം മധു , സംവരണ മണ്ഡലമായ അടൂരില്‍ അഡ്വ സി.വി. ശാന്തകുമാര്‍ എന്നീ പേരുകളാണ് അവസാനപട്ടികയില്‍ ഉണ്ടായിരുന്നത്. കോന്നിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ്.
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം കടുപ്പിച്ചതോടെ അടൂര്‍ പ്രകാശ് കോന്നിയിലേക്കെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചു. പകരം ആരു മത്സരിക്കുമെന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ട്. ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിലിന്റെ പേരിനാണ് മുന്‍തൂക്കം. ഇദ്ദേഹത്തിന്റെ സഹോദരന് കൂടിയായ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. ഷൈലാജിന്റെ പേരും പരിഗണനയിലുണ്ട്. ഷൈലാജ് ദിവസങ്ങളായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തു സ്ഥാനാർഥിത്വത്തിനായി കരുക്കള്‍ നീക്കുന്നുണ്ട്.
എല്ലാ മണ്ഡലങ്ങളിലും പുറമേ നിന്നുള്ളവര്‍ മത്സരിക്കുന്നത് പ്രാദേശിക നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. ജയസാധ്യതയും സാമൂദായിക പരിഗണനകള്‍ കൂടി ഉറപ്പാക്കി വേണം സ്ഥാനാര്‍ഥി പ്രഖ്യാപനമെന്നാണ് ജില്ലയിലെ നേതാക്കളുടെ ആവശ്യം.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച എല്‍ഡിഎഫ് പ്രചരണത്തിൽ ബഹുദൂരം മുന്നേറികഴിഞ്ഞു.
Tags : nattu vishesham Congress did not field candidates