ദേശീയപാത അഴിയൂര്‍ -വടകര-വെങ്ങളം റീച്ചിലെ പ്രവൃത്തി.
വടകര: ദേശീയപാത 66 വികസനത്തില്‍ അഴിയൂര്‍ -വടകര-വെങ്ങളം റീച്ചിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ അപാകതകളും കാലതാമസവും നേരിടുന്നത് വലിയ ജനരോഷത്തിന് കാരണമാകുന്നു. ഏറ്റവും ഒടുവില്‍ വടകര എംഎല്‍എ കെ.കെ. രമ നിയമസഭയില്‍ ഈ വിഷയം ഏറെ വൈകാരികമായി അവതരിപ്പിച്ചതോടെ കരാര്‍ കമ്പനിയുടെ നിസംഗതയ്ക്കെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
നിര്‍മാണത്തിലെ അശാസ്ത്രീയത, യാത്രാദുരിതം എന്നിവയാണ് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നത്. അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള 40.8 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം മറ്റ് റീച്ചുകളെ അപേക്ഷിച്ച് ഏറെ മന്ദഗതിയിലാണ്. ആദ്യം കരാറെടുത്ത കമ്പനിയില്‍ നിന്ന് ഉപകരാര്‍ നല്‍കിയതിലെ അപാകതകള്‍ കാരണം നിര്‍മാണം പാതിവഴിയിലാവുകയും വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു.
തുടര്‍ന്ന് നിര്‍മാണം വേഗത്തിലാക്കാന്‍ പുതിയ കമ്പനികള്‍ക്ക് ചുമതല കൈമാറേണ്ടി വന്നു. തിരുവങ്ങൂര്‍, വെങ്ങളം തുടങ്ങിയ ഭാഗങ്ങളില്‍ പുതിയതായി നിര്‍മിച്ച റോഡുകളില്‍ വിള്ളലുകള്‍ കണ്ടെത്തിയത് വിവാദമായിരുന്നു. കൊയിലാണ്ടി കുന്നിയോറമലയ്ക്ക് സമീപം നിര്‍മിച്ച റോഡ് തകര്ച്ചാഭീഷണയിലാണ്. സോയില്‍ നെയ്ലിംഗ് തകര്‍ന്നതും പ്രദേശവാസികളില്‍ ഭീതിയുണര്‍ത്തുന്നു.
തുടക്കത്തില്‍ ശാസ്ത്രീയമായ പ്ലാനിംഗ് ഇല്ലാതെ നിര്‍മാണം തുടങ്ങിയതിനാല്‍ ഇരിങ്ങല്‍ ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും അടിപ്പാതകളും ഓവര്‍പാസുകളും പൂര്‍ണമായിട്ടില്ല. പല പ്രധാന ജംഗ്ഷനുകളിലും ആവശ്യത്തിന് സര്‍വീസ് റോഡുകളോ അടിപ്പാതകളോ ഇല്ലാത്തത് ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാക്കുന്നു.
പല തവണ പരാതി പറഞ്ഞിട്ടും ആരും ഗൗനിക്കാതെ വന്നതോടെയാണ് ഈ വിഷയം നിയമസഭയില്‍ കെ.കെ. രമ തുറന്നടിച്ചത്. ഈ റോഡിന്റെ നിര്‍മാണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ആര്‍ക്കും ഒരു ഐഡിയയുമില്ല, എംഎല്‍എ ബോര്‍ഡ് വച്ച് പോകാനാവാത്ത അവസ്ഥ.
മണ്ഡലത്തിലെ പല വീടുകളിലേക്കും പോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്തപരമായ സമീപനമുണ്ടാകുന്നില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടിയപ്പോള്‍ അഴിയൂര്‍ വെങ്ങളം റീച്ചിലെ നിര്‍മാണത്തിലെ വീഴ്ചകള്‍ ഗൗരവമുള്ളതാണെന്ന് പൊതുമരാമത്ത് മന്ത്രി സഭയില്‍ സമ്മതിച്ചു.
അദാനി ഗ്രൂപ്പില്‍ നിന്നും കരാര്‍ ഏറ്റെടുത്ത ഗള്‍ഫാര്‍ കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി മറുപടി നല്കി.
മുമ്പ് ഷാഫി പറമ്പില്‍ എംപി അടക്കമുള്ള ജനപതിനിധികള്‍ റോഡ് നിര്‍മാണത്തിലെ അപാകതകളും യാത്രാദുരിതവും പാര്‍ലമെന്റില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്, നിര്‍മാണത്തിലെ വീഴ്ചകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നാഷണല്‍ ഹൈവേ അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് അധികമായി അടിപ്പാതകളും വടകരയില്‍ പുതിയ ഉയരപ്പാതയും ഉള്‍പ്പെടുത്തി പ്ലാന്‍ പുതുക്കിയിട്ടുണ്ടെങ്കിലും എന്നു നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ക്ക് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
Tags :