നിലന്പൂർ: ചാലിയാർ പണപൊയിൽ അങ്കണവാടിയിലെ വാട്ടർ ടാങ്കിലെ വെള്ളത്തിൽ സാമൂഹിക വിരുദ്ധർ ഹാർപ്പിക്ക് കലർത്തിയതായി സംശയം.നിലന്പൂർ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചാലിയാർ പഞ്ചായത്തിലെ വേട്ടേക്കോട് അങ്കണവാടി പ്രവർത്തിക്കുന്നത് പണപൊയിലിലാണ്.
ഇന്നലെ രാവിലെ അങ്കണവാടി തുറന്ന ശേഷം ഒരു കുട്ടി ബാത്ത്റൂമിൽ പോയ സമയത്താണ് പൈപ്പ് തുറന്നപ്പോൾ വെള്ളം പതഞ്ഞുപൊന്തി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വാട്ടർ ടാങ്ക് പരിശോധിച്ചപ്പോഴാണ് ടാങ്കിലെ വെള്ളം മുഴുവൻ പതഞ്ഞ് പൊന്തി കിടക്കുന്നത് കണ്ടത്.ഫിൽറ്റർ സൗകര്യമുള്ളതിനാൽ പാചകത്തിന് വെള്ളം എടുത്തപ്പോൾ ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ബാത്ത്റൂമിൽ സൂക്ഷിച്ചിരുന്ന ഹാർപ്പിക്കിന്റെ കുപ്പി കാണാനുമില്ല.
അങ്കണവാടിയുടെ വാട്ടർ ടാങ്കിൽ ഹാർപ്പിക്ക് കലർത്തിയ സംഭവം രക്ഷിതാക്കളെയും ജീവനക്കാരെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. 16 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയാണിത്.
സംഭവത്തിൽ പൊലിസ് ഉൗർജിത അന്വേഷണം നടത്തി ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും അങ്കണവാടി ജീവനക്കാരും ആവശ്യപ്പെടുന്നത്.
Tags :