വണ്ടിപ്പെരിയാർ ഗവ. യുപി സ്കൂളിൽ നടന്ന ക്രിയേറ്റീവ് ഫെസ്റ്റിൽനിന്ന്.
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഗവ. യുപി സ്കൂളിൽ ക്രിയേറ്റീവ് ഫെസ്റ്റ് നടത്തി. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പീരുമേട് എസ്എസ്കെ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ അനീഷ് തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എസ്.ടി. രാജ്, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ, ബ്ലോക്ക് ഡിവിഷൻ മെംബർ ദേവി ഈശ്വരൻ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ റോബർട്ട് ഭരത്, എസ്എസ്കെ സ്റ്റാഫ് ആര്യ എന്നിവർ പ്രസംഗിച്ചു.
ക്രിയേറ്റീവ് കോർണർ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഏഴു മേഖലകളിലായി കുട്ടികൾ തയാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു. അധ്യാപകരായ ജീജ, രമ്യ, ശെൽവകനി, അമലാ സെൽവി, സെൽവം, ദിനകരൻ എന്നിവർ നേതൃത്വം നൽകി. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ ക്ലാസ് മുറികളിൽനിന്നു സ്വായത്തമാക്കിയ ആശയങ്ങളും ഗവേഷണ മനോഭാവവും സംയോജിപ്പിച്ചുള്ള നൂതന കര്‍മപദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍. പാഠഭാഗങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തിയുള്ള സംസ്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ എസ്എസ്കെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും (കുസാറ്റ്) ചേര്‍ന്ന് കഴിഞ്ഞ അധ്യയന വര്‍ഷമാണ് പദ്ധതി ആരംഭിച്ചത്.
കൃഷി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍സ്, പ്ലംബിംഗ്, ഫാഷന്‍ ഡിസൈനിംഗ്, പാചകം, മരപ്പണി എന്നീ ഏഴ് മേഖലകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇതിനായി അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സിലബസിലുള്ള തൊഴില്‍ ഭാഗങ്ങളെ പ്രവൃത്തിയിലൂടെ പരിചയപ്പെടുത്താന്‍ ഇതുവഴി സാധിക്കുന്നു.