കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സാംസ്കാരിക വേദിയായ ടഗോര്ഹാള് പുനര്‍ നിര്‍മാണത്തിന്റെ പേരില്‍ അടച്ചിടുകയും പിന്നീട് പൊളിച്ചുനീക്കുകയും ചെയ്ത സാഹചര്യത്തില്‍ നഗരത്തിലെ കലാ-സാംസ്കാരിക സംയുക്ത വേദി പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലേക്ക്.
മൂന്നുവര്‍ഷമായി നഗരത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേദിയില്ലാത്ത അവസ്ഥയ്ക്കെതിരേയാണ് പ്രതിഷേധം. ഇന്ന് രാവിലെ കോര്പറേഷന് ഓഫിസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്താനാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
രാവിലെ 10ന് സാംസ്കാരിക സംഘടന പ്രവര്‍ത്തകര്‍ ആട്ടവും, പാട്ടുമായിട്ടാണ് പ്രതിഷേധത്തിനിറങ്ങുന്നത്. ഗാന രചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമരം ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്ടെ എല്ലാ സാംസ്കാരിക സംഘടനകളുടെയും പൊതുവേദിയായ കലാ സാംസ്കാരിക സംയുക്ത വേദിയാണ് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കുന്നത്. ഇതുസംബന്ധിച്ച യോഗത്തില്‍ കലാ സാംസ്കാരിക സംയുക്ത വേദി പ്രസിഡന്റ് വിത്സന് സാമുവല്‍ അധ്യക്ഷത വഹിച്ചു.
സാംസ്കാരിക നായകനായ രബീന്ദ്രനാഥ ടഗോറിന്റെ ഓര്‍മയ്ക്കായി നിര്‍മിക്കപ്പെട്ട ടാഗോര്‍ ഹാള്‍ അറ്റകുറ്റ പണികള്‍ക്കായി ആദ്യം അടച്ചിടുകയും പിന്നീട് പുതിയ ഹാള്‍ നിര്‍മാണത്തിന്റെ പേരില്‍ പൂര്‍ണ്ണമായും പൊളിച്ചു നീക്കുകയുമായിരുന്നു. സാഹിത്യ നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക മുഖമായിരുന്ന വേദിയാണ് കോര്‍പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണെന്ന് ആരോപണമുണ്ട്.
Tags :