മുണ്ടക്കയം എംഎംടി ആശുപത്രിയിൽ 32 മണിക്കൂർ നീണ്ടുനിന്ന മെഡിക്കൽ ക്ലാസ് ഡോ. മാത്യു പി. തോമസ് നയിക്കുന്നു.
മുണ്ടക്കയം ഈസ്റ്റ്: ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ട് മുണ്ടക്കയം എംഎംടി ആശുപത്രിയിൽ 32 മണിക്കൂർ നീണ്ടുനിന്ന മെഡിക്കൽ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഡോ. മാത്യു പി. തോമസാണ് തുടർച്ചയായി 32 മണിക്കൂർ ക്ലാസ് നയിച്ച് റിക്കാർഡ് നേട്ടത്തിനായി പരിശ്രമിച്ചത്. നിലവിൽ 30 മണിക്കൂർ നീണ്ടുനിന്ന മെഡിക്കൽ ക്ലാസിനാണ് റിക്കാർഡ്.
2019 നവംബർ 16, 17 തീയതികളിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ ജോൺ ബിയലിൻസ്കി ജൂനിയറാണ് ഈ നേട്ടം കൈവരിച്ചത്. ഈ റിക്കാർഡ് മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. മാത്യു 32 മണിക്കൂർ ക്ലാസ് നടത്തിയത്.
വ്യാഴാഴ്ച രാവിലെ 10.30ന് ആരംഭിച്ച ക്ലാസ് ഇന്നലെവരെ തുടർന്നു. മുണ്ടക്കയം എംഎംടി നഴ്സിംഗ് കോളജിലെ 101 വിദ്യാർഥികളും മെഡിക്കൽ പ്രഫഷണലുകളും ക്ലാസിൽ പങ്കെടുത്തു.
സിറിയക് തോമസ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, എംഎംടി ഡയറക്ടർ ഫാ. സോജി തോമസ് കണ്ണാലിൽ, സെക്രട്ടറി ആൽബിൻ ജയിംസ് ജോസഫ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സീന, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ എയ്ഞ്ചൽ, ജനറൽ മാനേജർ മാത്യു തോമസ്, പിആർഒ ജിജോ തോമസ് എന്നിവർ നേതൃത്വം നൽകി.
ഗിന്നസ് മുഖ്യനിരീക്ഷകൻ ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് ലതാ പ്രസാദ് എന്നിവർ റെക്കോർഡ് ഉദ്യമത്തിന്റെ നിരീക്ഷണത്തിനും ഏകോപനത്തിനും നേതൃത്വം നൽകി.