അക്രമികൾ അടിച്ചുതകർത്ത കാർ.
ഹരിപ്പാട്: റോഡ് മുറിച്ച് കടക്കാൻനിന്ന യുവാവിനെ കാർ തട്ടിയതിന്റെ പേരിൽ ഡ്രൈവർക്ക് ക്രൂരമർദനം.
ആറാട്ടുപുഴ നല്ലാണിക്കൽ കുളങ്ങരശേരിൽ അനിൽകുമാറിന്റെ മകൻ അനുവിനെയാണ്(29) ആറാട്ടുപുഴയിൽ ഒരുകൂട്ടം യുവാക്കൾ ക്രൂരമായി തല്ലിച്ചതച്ചത്. ആറാട്ടുപുഴ ലക്ഷംവീട്ടിൽ ഷാനവാസിന്റെ മകൻ അമീറിനാണ് (20) കാറിടിച്ചു പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
കഴിഞ്ഞദിവസം രാത്രി എട്ടേ മുക്കാലോടെ ബസ് സ്റ്റാൻഡിനു വടക്ക് എസി പള്ളി ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. തൃക്കുന്നപ്പുഴയിൽനിന്നു ഭക്ഷണം വാങ്ങി മടങ്ങി വരുമ്പോഴായിരുന്നു അപകടം. കാറിന്റെ മിറർ റോഡ് അരികിൽനിന്ന അമീറിന്റെ ശരീരത്തിൽ തട്ടുകയും നിലത്ത് വീഴുകയും ചെയ്തു.
ഉടനെ തന്നെ കാർ റോഡ് അരികിലേക്ക് മാറ്റിനിർത്തി പരിക്കേറ്റ ആളിനെ ആശുപത്രിയിൽ എത്തിക്കാനായി തയാറെടുക്കുമ്പോൾ സമീപത്തുണ്ടായിരുന്ന ഒരു സംഘം യുവാക്കൾ എത്തി ക്രൂരമായി മർദിക്കുകയായിരുന്നു. കമ്പിവടിക്ക് തലയ്ക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മരത്തടികൾ കൊണ്ടും കല്ലുകൾ കൊണ്ടും ആക്രമിച്ചു. മുഖം പൊട്ടി ചോര ഒഴുകി.
അക്രമം തടയാനെത്തിയവർക്കും മർദനമേറ്റു. ആഴ്ചകൾക്ക് മുമ്പ് വാങ്ങിയ കാറും അക്രമികൾ അടിച്ചുതകർത്തു. സംഭവമറിഞ്ഞ് പിതാവ് അനിൽകുമാറും ഭാര്യ ലക്ഷ്മിയും സ്ഥലത്തെത്തി കേണപേക്ഷിച്ചിട്ടും അക്രമം തുടർന്നു. ചോരയൊലിച്ച് അവശനായി കിടന്ന അനുവിനെ ആശുപത്രിയിലെത്തിക്കാനും അനുവദിച്ചില്ല. പോലീസ് വരട്ടെ എന്നായിരുന്നു മറുപടി. ഇതിനിടെ കൂടുതൽ നാട്ടുകാർ രംഗത്തുവന്നതോടെ അക്രമി സംഘം രക്ഷപ്പെട്ടു.
പോലീസിന്റെ സഹായത്തോടെ സുഹൃത്തുക്കൾ തൊട്ടടുത്ത ക്ലിനിക്കിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. വലതു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. മരുന്നുകൊണ്ട് ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കാർ ഓടിച്ച് തെങ്ങില് കൊണ്ടിടിക്കാനും അക്രമികൾ ശ്രമം നടത്തി. കാറിനു രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാർ തട്ടി വീണ അമീറിന്റെ കാൽ ഒടിഞ്ഞു. തൃക്കുന്നപ്പുഴ പോലീസ് എത്തി തെളിവുപ്പ് നടത്തി. കണ്ടാൽ അറിയാവുന്ന 11 പേർക്കെതിരേ കേസെടുത്തു.
Tags : hitting young man with car nattuvishasham local news.