പഴയങ്ങാടി പാലത്തിൽ നിർത്തിയിട്ട ലോറി.
പഴയങ്ങാടി: ചരക്കു ലോറി പഴയങ്ങാടി പാലത്തിൽ നിർത്തി ഡ്രൈവർ പുഴയിൽ ചാടിയെന്ന അഭ്യൂഹത്തെ തുടർന്ന് തെരച്ചിൽ നടത്തി വരുന്നതിനിടെ ഡ്രൈവർ മംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു പഴയങ്ങാടി പാലത്തിൽനിന്ന് ഡ്രൈവർ പുഴയിൽ ചാടിയെന്ന അഭ്യൂഹമുണ്ടായത്. കെഎസ്ടിപി റോഡിൽ പാലത്തിനു മുകളിൽ ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നേരമായിട്ടും വാഹനം മാറ്റാത്തതിനെ തുടർന്ന് നാട്ടുകാർ കണ്ണപുരം, പഴയങ്ങാടി പൊലിസിൽ അറിയിക്കുകയായിരുന്നു.
പൊലിസെത്തി ലോറി പരിശോധിച്ചപ്പോൾ വാഹനത്തിന്റെ താക്കോൽ, മൊബൈൽ ഫോൺ, പണമടങ്ങിയ പഴ്സ് എന്നിവ കണ്ടെത്തി. ഇതോടെയാണ് ഡ്രൈവർ പുഴയിൽ ചാടിയിട്ടുണ്ടാകുമെന്ന അഭ്യൂഹം പരന്നത്. തുടർന്ന് അഗ്നിരക്ഷാ സേന പുഴയിൽ തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ കണ്ണപുരം എസ്ഐ സഹദ് ലോറി ഉടമസ്ഥനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഏറെ നേരത്തെ പരിശ്രമ ഫലമായി ഫോണിൽ ഉടമയെ കിട്ടിയപ്പോഴാണ് കുമാർ എന്ന ഡ്രൈവർ മംഗളൂരുവിൽ എത്തിയതായി അറിയുന്നത്.ലോറി ഓടിച്ച് പഴയങ്ങാടി പാലത്തിൽ എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം നിർത്തി മംഗളൂരുവിലേക്ക് പോകുകയായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം.
Tags :