പൊലിസ് പട്രോളിംഗ് വാഹനത്തിന്റെ ചില്ല് തകർത്ത നിലയിൽ.
കോയന്പത്തൂർ: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ ആക്രമിക്കുകയും പട്രോൾ വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ കുനിയമുത്തൂർ പൊലിസ് അറസ്റ്റ് ചെയ്തു.
പ്രഭു (29), ഗോവിന്ദൻ എന്ന മുകേഷ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ കോവൈപുതൂരിലെ തോട്ടരായൻ ക്ഷേത്രവീഥിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഒരു സംഘം ആളുകൾ തമ്മിൽ തർക്കിക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതിനെത്തുടർന്ന് സ്ഥലത്തെത്തിയ പട്രോൾ പൊലിസ് ഉദ്യോഗസ്ഥൻ അവരോട് പിരിഞ്ഞുപോകാൻ നിർദേശിച്ചു. ഇതിൽ പ്രകോപിതരായ സംഘം പിന്നീട് തിരിച്ചെത്തി പൊലിസുകാരനെ അസഭ്യം പറയുകയും തള്ളിവീഴ്ത്തി മർദിക്കുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് പട്രോൾ വാഹനത്തിന്റെ വശത്തെ ചില്ലും തകർത്തശേഷം സംഘം കടന്നുകളയുകയായിരുന്നു.
Tags :