ബത്തേരി മാരിയമ്മന്‍ ക്ഷേത്രം-ബീനാച്ചി റോഡിന്റെ വശങ്ങളില് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍.
സുല്‍ത്താന്‍ ബത്തേരി: മാരിയമ്മന്‍ ക്ഷേത്രം മുതല്‍ ബീനാച്ചി വരെ ദേശീയപാതയുടെ ഇരുവശങ്ങളിലും നടപ്പാതയും ആവശ്യമായ സ്ഥലങ്ങളില്‍ കൈവരികളും ഓവുചാലുകളും നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കോടതി പരിസരം മുതല്‍ ബീനാച്ചി ടൗണ്‍ വരെ ഭാഗങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസേന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതുവഴി കാല്‍നടയായി സഞ്ചരിക്കുന്നത്. എന്നാല്‍ പല ഭാഗങ്ങളിലും സുരക്ഷിതമായി നടന്നുപോകാന്‍ സൗകര്യമില്ല.
റോഡരികിലൂടെ നടക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ഈ ഭാഗത്ത് കഴിഞ്ഞദിവസം വാഹനാപകടത്തില്‍ വിദ്യാര്‍ഥികള്‍ക്കടക്കം പരിക്കേറ്റിരുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാര്‍ക്കിംഗും കാല്‍നടയാത്രയ്ക്ക് തടസമാകുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മഴപെയ്ത് റോഡരികുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നടപ്പാതയില്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്കിടയിലൂടെ നടന്നുപോകേണ്ട സ്ഥിതിയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ശാസ്ത്രീയ ഓവുചാല്‍ സംവിധാനം ഒരുക്കുക, റോഡരികില്‍ വളര്ന്നുനില്ക്കുന്ന കാട് വെട്ടിമാറ്റുക എന്നീ ആവശ്യങ്ങളും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.
Tags :