ഡോ. ഇ. ശ്രീധരൻ
കല്‍പ്പറ്റ: അരയിടത്തുപാലത്തുനിന്ന് 25 മിനിറ്റില്‍ കല്‍പ്പറ്റയിലും 35 മിനിറ്റില്‍ ബത്തേരിയിലും എത്താന്‍ ഉതകുന്ന ഹൈസ്പീഡ് റെയില്‍വേ കോഴിക്കോട്-ബത്തേരി എക്സ്റ്റന്‍ഷനെക്കുറിച്ച് മെട്രോമാന് ഡോ. ഇ. ശ്രീധരന്റെ അവതരണം ഇന്ന് ബത്തേരിയില്‍.
രാവിലെ 10ന് മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് ഡല്‍ഹി മെട്രോ റെയില്‍ സ്ഥാപകന്‍ ഡോ. ഇ. ശ്രീധരന് പദ്ധതി വിശദീകരണം നടത്തുകയെന്ന് സംഘാടക സമിതി ഭാരവഹികളായ ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍, വൈസ് ചെയര്മാന് എം.ജി. ഇന്ദ്രജിത്ത്, നീലഗിരി വയനാട് എന്‍എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, വിനയകുമാര്‍ അഴിപ്പുറത്ത്, ഫാ. വര്‍ഗീസ് മറ്റമന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതിവേഗപാതയുടെ എക്സ്റ്റന്‍ഷന്‍ രൂപരേഖ തയാറാക്കി കോര്പറേഷന് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എക്സ്റ്റന്‍ഷന്‍ ഒന്നാംഘട്ടം വയനാട്-കോഴിക്കോട് എന്നാണ് ഡിഎംആര്‍സി വിഭാവനം ചെയ്യുന്നത്. പാതയുടെ പരിസ്ഥിതി ആഘാതം,സാമ്പത്തികവശങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഇ. ശ്രീധരന് അവതരിപ്പിക്കും.
പാതയുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിന് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം ഉണ്ടാകും. അവതരണത്തിനുശേഷം മാധ്യമപവര്ത്തകരുമായി ഡോ. ശ്രീധരന് കൂടിക്കാഴ്ച നടത്തും. അവതരണത്തിന് മുന്നോടിയായുള്ള യോഗം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഉഷ വിജയന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ. ശ്രീധരനെ യോഗത്തില്‍ ആദരിക്കും.