പ്രതീകാത്മക ചിത്രം
മഞ്ചേരി: അശാസ്ത്രീയവും ജനവിരുദ്ധവുമായ പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം കേരളത്തിലെ മലയോര മേഖലയില്‍ ആശങ്ക സൃഷ്ടിച്ചു.
ജില്ലയില്‍ 11 വില്ലേജുകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ കൃഷിഭൂമികളും ജനവാസകേന്ദ്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. വിജ്ഞാപനം സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ വിദഗ്ധരുടെ സഹായത്തോടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിശദമായ പഠനവും പരിശോധനയും നടത്തി റിപ്പോര്‍ട്ട് തയാറാക്കി 2024 നവംബര്‍ രണ്ടിന് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് പുതിയ വിജ്ഞാപനം.
മലയോര മേഖലയിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണ് വിജ്ഞാപനം. കൃഷിയിലും നിര്‍മാണ മേഖലയിലും നിയന്ത്രണങ്ങള്‍ വരുന്നതോടെ ജനങ്ങളുടെ ജീവിതം വഴിമുട്ടും. വീട് നിര്‍മാണത്തിനും ഭൂമി കൈമാറ്റത്തിനും നിയന്ത്രണമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിജ്ഞാപനം പിന്‍വലിച്ച് വനപ്രദേശങ്ങളില്‍ മാത്രമായി പരിസ്ഥിതിലോല മേഖല പരിമിതപ്പെടുത്തണം.
ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ജീവനക്കാരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂട്ടപിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന ജീവനക്കാരുടെ കരാര്‍ പുതുക്കി നല്‍കണം. മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴില്‍സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ചരക്കുഗതാഗത മേഖലയില്‍ സര്‍വിസ് നടത്തുന്ന വാഹനങ്ങളുടെ വാടക ദൂരവും ഭാരവും കണക്കിലെടുത്ത് ശാസ്ത്രീയമായി നിശ്ചയിക്കണം. വാഹന ഉടമകളും തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം, സഹകരണ മേഖല തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണം, കടലും തീരവും കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമായ വിഷന്‍ സമുദ്ര പദ്ധതി ഉപേക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Eco