ഏഴാംമൈൽ-എണ്ണപ്പാറ റോഡിലെ നെടുകരയിൽ ടാറിംഗിനു തൊട്ടടുത്തുവരെയുള്ള ഭാഗം ഇടിഞ്ഞുവീണ നിലയിൽ.
എണ്ണപ്പാറ: ബസുകളും ഭാരവാഹനങ്ങളുമടക്കം കടന്നുപോകുന്ന ഏഴാംമൈൽ-എണ്ണപ്പാറ ജില്ലാ പഞ്ചായത്ത് റോഡിന്റെ വശങ്ങൾ ഇടിഞ്ഞുവീഴുന്നത് അപകട ഭീഷണിയാകുന്നു. നെടുകര ഭാഗത്താണ് കഴിഞ്ഞദിവസം 15 മീറ്ററോളം നീളത്തിൽ ടാറിംഗിനു തൊട്ടടുത്തുവരെയുള്ള ഭാഗം ഇടിഞ്ഞുവീണത്.
ഇതിന്റെ തൊട്ടടുത്ത് നേരത്തേ ഇടിഞ്ഞുവീണ 10 മീറ്ററോളം ഭാഗം ഇപ്പോഴും അതുപോലെ നിൽക്കുന്നുണ്ട്. തൊട്ടുതാഴെ ആഴമേറിയ ഭാഗമായതിനാൽ വാഹനങ്ങൾ റോഡിൽനിന്ന് ചെറുതായൊന്നു തെന്നിയാൽതന്നെ അപകടത്തിൽപെടുമെന്ന അവസ്ഥയിലാണ്. ഒരേസമയത്ത് ഇരുവശങ്ങളിൽനിന്നു വലിയ വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കുന്നതും അപകടഭീതിയോടെയാണ്.
ഇവിടെ രണ്ടുവർഷം മുമ്പ് വലിയ തോതിൽ മണ്ണിടിഞ്ഞുവീണപ്പോൾ അന്നത്തെ ജില്ലാ കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുകയും ആവശ്യമായ സുരക്ഷാസംവിധാനങ്ങളൊരുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. പക്ഷേ ഒന്നും ഇനിയും നടപ്പായിട്ടില്ല. മണ്ണിടിച്ചിൽ പതിവായ ഭാഗത്ത് റോഡിനു വീതികൂട്ടി പാർശ്വഭിത്തിയടക്കമുള്ള സുരക്ഷാസംവിധാനങ്ങളൊരുക്കണമെന്നാണ് വാഹനയാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Tags :