വയോധികരുടെ വീട്ടുമുറ്റത്തേക്ക് മഴവെള്ളം കുത്തിയൊഴുകുന്നു
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറങ്ങരയിൽ നിർമിച്ച ഡ്രെയ്നേജ് സംവിധാനത്തിലെ അശാസ്ത്രീയത മൂലം വയോധിക ദന്പതികൾ കടുത്ത ദുരിതത്തിലെന്നു പരാതി. ദേശീയപാതയിലെ ചിറങ്ങര ജംഗ്ഷനും റെയിൽവേ ട്രാക്കിനും ഇടയിൽ ദേശീയപാതയോടുചേർന്ന് 20 അടി താഴ്ചയിൽ താമസിക്കുന്ന കൊടിയപ്പാടൻ തോമസും ഭാര്യ ത്രേസ്യാമ്മയുമാണ് രണ്ടു വർഷമായി ദുരിതജീവിതം നയിക്കുന്നത്.
43 വർഷമായി ഇവിടെ താമസിക്കുന്ന ഇവർക്ക് ദേശീയപാത വികസനപ്രവൃത്തികൾ ആരംഭിക്കുന്നതുവരെ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പ്രദേശത്തെ മഴവെള്ളം പഴയ തോട്ടിലൂടെയും തുടർന്ന് റെയിൽവേ ട്രാക്കിന് സമീപത്തെ ഓവുചാലിലൂടെയും ഒഴുകിപ്പോയിരുന്നതിനാൽ വീടിനു ഭീഷണിയുണ്ടായിരുന്നില്ല. എന്നാൽ അടിപ്പാതയും പുതിയ ഡ്രെയ്നേജ് സംവിധാനവും നിലവിൽ വന്നതോടെ ചിറങ്ങര ജംഗ്ഷനിലെ വലിയ തോതിലുള്ള മഴവെള്ളം മുഴുവൻ ഈ വീടിനു സമീപത്തേക്കാണ് കുത്തിയൊഴുകുന്നത്.
നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ സർവീസ് റോഡിൽ വീടിന്റെ പ്രവേശനകവാടത്തിനു സമീപം മണ്ണ് കൂട്ടിയിട്ടതോടെ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങാൻ പോലും ബുദ്ധിമുട്ടി. വിഷയം ചർച്ചയായതോടെ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് എൻഎച്ച്എഐക്കും കരാർ കന്പനിക്കും ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് യാത്രാസൗകര്യം പുനഃസ്ഥാപിച്ചെങ്കിലും ഡ്രെയ്നേജ് പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടായില്ലെന്നാണു പരാതി.
ഒന്നര മാസംമുന്പ് പെയ്ത കനത്ത മഴയിൽ മഴവെള്ളം വെള്ളച്ചാട്ടം പോലെ വീട്ടിലേക്കു പതിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ തോമസ് വഴുതിവീണ് വാരിയെല്ല് ഒടിഞ്ഞു. ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നതിനെത്തുടർന്ന് ടാർപോളിൻ കെട്ടിയാണു ചോർച്ച തടയുന്നത്.
രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വീണ്ടും വെള്ളം വീടിനും മുറ്റത്തിനും ചുറ്റും കുത്തിയൊഴുകുകയാണ്. വീടിന്റെ സുരക്ഷ തന്നെ അപകടത്തിലാകുമോയെന്ന ആശങ്കയിലാണ് ഈ വയോധിക ദന്പതികൾ.
ചിറങ്ങരയിലെ മുഴുവൻ മഴവെള്ളവും ഒരിടത്തേക്കു മാത്രം തിരിച്ചുവിടാതെ സമീപ പ്രദേശങ്ങളിലേക്കും കട്ടിച്ചാലിലേക്കും ശാസ്ത്രീയമായി ഒഴുക്കിവിടുന്ന രീതിയിൽ ഡ്രെയ്നേജ് പുനഃക്രമീകരിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.