ശ്രീജിത്ത് മാഷ് കൃഷിയിടത്തില്‍.
കണിയാമ്പറ്റ: അധ്യാപന ജീവിതത്തിനിടയിലും നെല്‍കൃഷിയില്‍ സജീവമായി ഒരധ്യാപകന്.
പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ കരണി ശക്തീശ്വരത്ത് എസ്.ആര്. ശ്രീജിത്താണ് നെല്‍കൃഷിയിലെ വേറിട്ട സാന്നിധ്യമായി മാറിയിരിക്കുന്നത്. കണിയാമ്പറ്റ പഞ്ചായത്തിലെ താഴെവരദൂരില് സ്വന്തമായുള്ള 17 ഏക്കറോളം സ്ഥലത്ത് ശ്രീജിത്ത് നെല്‍കൃഷി ചെയ്യുന്നുണ്ട്. വളരെ ചെറുപ്പം മുതല്‍ പിതാവ് രാമചന്ദ്രന് നായര്‍ക്കൊപ്പം കൃഷിയില്‍ സജീവമായിരുന്നു ശ്രീജിത്ത്. പിന്നീട് അധ്യാപനജോലി ലഭിച്ചപ്പോഴും കൃഷിയെ അദ്ദേഹം കൈയൊഴിഞ്ഞില്ല. കാര്‍ഷികമേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുമ്പോഴും നെല്‍കൃഷിയെ കൈയൊഴിയാന്‍ ശ്രീജിത്ത് ഒരുക്കമല്ല.
നെല്‍കൃഷി ലാഭകരമല്ലെങ്കിലും വര്‍ഷങ്ങളായി കൃഷി ചെയ്തുവരുന്നതിന് പിന്നില്‍ കാര്‍ഷികവൃത്തിയോടുള്ള ഇഷ്ടം തന്നെയാണെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു. രാവിലെയും വൈകുന്നേരവും ശ്രീജിത്ത് കൃഷിയിടത്തിലെത്തും. നെല്‍കൃഷിയോടുള്ള ആഭിമുഖ്യം കാരണം പത്മശ്രീ ചെറുവയല്‍ രാമനോടും വലിയ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
രാമേട്ടനില്‍ നിന്നും വിത്തുകള്‍ വാങ്ങി, പിന്നീട് കൃഷി ചെയ്ത് വിത്തുകള്‍ തിരിച്ചുനല്കിയതുമെല്ലാം ശ്രീജിത്തിന് ഒരിക്കലും മറക്കാനാവാത്ത ഓര്‍മയാണ്.
കഴിഞ്ഞ നഞ്ചകൃഷിക്ക് കൃഷിമന്ത്രി ടി. സിദ്ദിഖും ഐ.സി. ബാലകൃഷ്ണന് എംഎല്‍എയും ശ്രീജിത്തിന്റെ പാടത്ത് സന്ദര്‍ശനം നടത്തിയിരുന്നു. പാലക്കാടന്‍ മട്ട, അന്നപൂര്‍ണ, മലബാര്‍ മട്ട, ഉമ, കുടക് മട്ട എന്നിങ്ങനെയുള്ള ഇനങ്ങളാണ് സാധാരയായി കൃഷി ചെയ്തുവരുന്നതെന്ന് ശ്രീജിത്ത് മാഷ് പറയുന്നു. വിളവെടുത്താല്‍ പ്രധാനമായും സപ്ലൈക്കോയ്ക്ക് തന്നെയാണ് നെല്ല് വില്കാറുള്ളത്. ഒരേക്കറില്‍ കൃഷി ചെയ്യാന്‍ സാധാരണ 30 കിലോ നെല്ലാണ് വേണ്ടത്. ഹൈബ്രിഡ് വിത്തുകളാണെങ്കില്‍ അത് 20 കിലോ മതിയാവും. പ്രതിരോധശേഷി കൂടുതലായതിനാല്‍ തന്നെ നിലവില്‍ ഹൈബ്രിഡ് ഒഴിവാക്കി പരമ്പരാഗത വിത്തുകളാണ് നെല്‍കൃഷിക്കായി ഉപയോഗിക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു.
ഞാറുനട്ടു കഴിഞ്ഞാല്‍ ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്താം. വന്യമൃഗശല്യമടക്കമുള്ള ബുദ്ധിമുട്ടുകളില്ലാത്തതിനാല്‍ നഞ്ചയും പുഞ്ചയും ഇവിടെ കൃഷി ചെയ്യാറുണ്ട്. നെല്‍കൃഷി നടത്തുന്നതിനായി തദ്ദേശീയരായ തൊഴിലാളികള്‍ക്കൊപ്പം ഇപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളും ധാരാളമായി എത്താറുണ്ട്. കൊയ്ത്തിനും മറ്റും മെഷീനാണ് ഉപയോഗിക്കുന്നത്. ഒന്നരമണിക്കൂര്‍ കൊണ്ട് ഒരേകര് കൊയ്യാം. മെഷീന് ഉപയോഗിച്ച് തന്നെ നെല്ല് വേര്‍തിരിച്ച്, വൈക്കോല്‍ അപ്പോള്‍ തന്നെ റോളാക്കി മാറ്റിയാണ് വില്പന നടത്താറുള്ളത്. അധ്യാപികയായ ഭാര്യ സോണി, മക്കളായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ റിത്വിക, അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഉജ്വല്‍ എന്നിവരും നെല്‍കൃഷിയില്‍ ശ്രീജിത്തിനൊപ്പം സജീവമാണ്. നെല്‍കൃഷിക്കൊപ്പം തന്നെ വീടിനോട് ചേര്‍ന്നുള്ള അഞ്ചേക്കര്‍ സ്ഥലത്ത് കാപ്പി, കമുക്, കുരുമുളക്, തെങ്ങ്, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിങ്ങനെ വിവവിധ കാര്‍ഷികവിളകളും ശ്രീജിത്ത് കൃഷി ചെയ്തുവരുന്നുണ്ട്.
Tags :