ശബരിമല
പന്തളം: ശബരിമല തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ കുളനട ഗ്രാമപഞ്ചായത്തിൽ മുന്നൊരുക്കങ്ങളായി. തീർഥാടക വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, വിശ്രമകേന്ദ്രം, കുടിവെള്ളം, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് വിവിധ കേന്ദ്രങ്ങളിലായി ഒരുക്കുന്നത്. വൃശ്ചികം ഒന്നിന് മുമ്പ് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കുളനട കൈപ്പുഴക്കരയിൽ കണ്ടെത്തിയ സ്ഥലത്തെ കാടുകൾ തെളിച്ച് മൈതാനം സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. താത്കാലിക ശുചിമുറികൾ, വിരിവയ്ക്കുന്നതിനുള്ള സൗകര്യം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയും ഒരുക്കും. കുടിവെള്ള വിതരണത്തിനായി വാട്ടർ കിയോസ്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പോലീസ് എയ്ഡ് പോസ്റ്റും പ്രവർത്തനസജ്ജമാക്കും.
തീർഥാടകർക്ക് വിശ്രമിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമായി പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള ഗ്രൗണ്ടിലും ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുടിവെള്ള സൗകര്യം ഒരുക്കുന്നതിനൊപ്പം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
തൂക്കുപാലവും പരിസരവും ശുചീകരിച്ച് തീർഥാടകർക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഉപയോഗിക്കാവുന്ന വിധത്തിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. പാലത്തിലും പരിസരത്തുമുള്ള കാടുകളും മാലിന്യങ്ങളും നീക്കം ചെയ്തു. പാലത്തിലെ നിലവിലുള്ള ലൈറ്റുകളുടെ തകരാറുകൾ പരിഹരിക്കുന്നതിനൊപ്പം പുതിയ ലൈറ്റുകൾ സ്ഥാപിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർമാണം നടത്തിയ കമ്പനിയുടെ അധികൃതർ പരിശോധന നടത്തുകയും ആവശ്യമായ തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
തീർഥാടനകാലത്ത് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി താത്കാലിക ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ലൈഫ് ഗാർഡുകൾ എന്നിവരെ നിയോഗിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. കുളിക്കടവുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇതിനോടകം മൂന്ന് യോഗങ്ങൾ ചേർന്നു. യോഗങ്ങളിൽ തീരുമാനിച്ച പ്രവർത്തനങ്ങൾ സമയബന്ധിതായി പൂർത്തിയാക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
വൃശ്ചികം ഒന്നിന് മുമ്പ് എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി തീർഥാടകർക്ക്സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയും വിശ്രമസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.