കുന്നത്തൂർപാടി-കാഞ്ഞിരക്കൊല്ലി പ്രധാനറോഡിൽ ആഴ്ചകളായി കിടക്കുന്ന കൂറ്റൻകരിങ്കൽ പാറ.
കാഞ്ഞിരക്കൊല്ലി: കുന്നത്തൂർപാടി-പാടാംകവല-കാഞ്ഞിരക്കൊല്ലി പ്രധാനറോഡിൽ മാസങ്ങൾക്ക് മുമ്പ് കുന്നിൻ മുകളിൽ നിന്ന് പതിച്ച കൂറ്റൻ പാറക്കല്ല് മാറ്റാത്തത് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. റോഡിന്റെ പാതി ഭാഗം പാറ കാരണം തടസപ്പെട്ടിരിക്കുകയാണ്.
ഏതാനും ആഴ്ചകൾക്കു മുന്പായിരുന്നു കുന്നിൻ മുകളിൽ നിന്ന് കൂറ്റൻ പാറ താഴേക്ക് പതിച്ചത്. ഈ സമയം റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്. കെഎസ് ആർടിസി ഉൾപ്പടെ രണ്ടു ബസുകളും കാഞ്ഞിരക്കൊല്ലിയിലെത്തുന്ന വലുതും ചെറുതുമായ വാഹനങ്ങളും കടന്നുപോകുന്ന പാതയിലാണ് പാറക്കല്ലുള്ളത്. കല്ലിന്റെ എതിർഭാഗത്ത് കാടും താഴ്ന്ന ഭാഗവുമാണ്. രാത്രിയിൽ വാഹനമോടിച്ചുവരുന്നതിനിടെ പാറകല്ല് കണ്ട് ഡ്രൈവർമാർ വെട്ടിച്ചാൽ വാഹനം എതിർ ദിശയിലെ കുഴിയിലേക്ക് പതിച്ചുള്ള അപകട സാധ്യതയും നിലനിൽക്കുന്നുണ്ട്. റോഡിൽ വീണ കല്ല് ആരാണ് മാറ്റണമെന്ന വകുപ്പുകളുടെ തർക്കമാണ് പാറക്കല്ല് നീക്കുന്നത് നീണ്ടുപോകാൻ കാരണമെന്നും പറയുന്നു.
Tags :