പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രശസ്ത തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ മഹോത്സവം 13 മുതൽ 22 വരെ ആഘോഷിക്കും.
നാളെ മുതൽ 11 വരെ വൈകുന്നേരം ആറു മുതൽ എട്ടുവരെ ഒരുക്കധ്യാനം. 13നു വൈകുന്നേരം 4.30 മുതൽ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. തുടർന്ന് ഇടവക വികാരി ഫാ. ഷാജു വില്യമിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ കൊടിയേറ്റ്.
14നു വൈകുന്നേരം 5.30 മുതൽ നെയ്യാറ്റിൻകര രൂപത ബിഷപ്പ് എമിരറ്റസ് ഡോ. വിൻസന്റ് സാമുവലിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. 15ന് രാവിലെ ഏഴിന് വിശ്വാസ പ്രഖ്യാപന റാലി.
16നു വൈകുന്നേരം 5.30ന് വിജയപുരം രൂപതാ സഹായമെത്രാൻ ഡോ. ജെസ്റ്റിൻ അലക് സാണ്ടർ മഠത്തിൽ പറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. 19നു വൈകുന്നേരം 5.30ന് പുനലൂർ രൂപതാധ്യക്ഷൻ ഡോ. സിൽവസ്റ്റർ പൊന്നുമുത്തന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.
21നു വൈകുന്നേരം 5.30ന് നെയ്യാറ്റിൻകര രൂപതാ എപ്പിസ് കോപ്പൽ വികാരി മോണ്. വിൻസന്റ് കെ. പീറ്ററുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാവന്ദന പ്രാർഥന. 6.30 മുതൽ ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം. സമാപന ദിവസമായ 22നു വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, 5.30 മുതൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ സമൂഹ ദിവ്യബലി. തുടർന്നു ദിവ്യകാരുണ്യപ്രദക്ഷിണം.
തിരുനാൾ മഹോത്സവ ദിവസങ്ങളിൽ എല്ലാം രാവിലെ 5.30 ന് ദിവ്യകാരുണ്യ ആരാധന, ആറു മണിമുതൽ ദിവ്യബലി, സമൂഹ ദിവ്യബലി, വചനപ്രഘോഷണം, ക്രിസ്തുരാജ പാദപൂജ എന്നിവയുണ്ടായിരിക്കും. രാത്രിയിൽ കലാപരിപാടികളും നടക്കും. 27നു വൈകുന്നേരം കൊടിയിറക്ക്.