സെപ്റ്റിക് ടാങ്കിൽവീണ പശുവിനെ പുറത്തെത്തിച്ചപ്പോൾ.
വിഴിഞ്ഞം: സെപ്റ്റിക് ടാങ്ക് കുഴിയിൽവീണ ഗർഭിണിയായ പശുവിനെ ഫയർ ആൻഡ് റെസ്ക്യൂ സേന സാഹസികമായി രക്ഷപ്പെടുത്തി. വെണ്ണിയൂർ വടക്കരികത്തു വീട്ടിൽ മോഹനകുമാറിന്റെ ഉടമസ്ഥതയിലുള്ള പശുവാണ്, സെപ്റ്റിക് ടാങ്കിനായി എടുത്ത 30 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണത്.
വിഴിഞ്ഞത്തു നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ അഞ്ചു മണിക്കൂറിലധികം പരിശ്രമിച്ചാണ് പശുവിനെ പരിക്കുകളില്ലാതെ കരയിലെത്തിച്ചത്. തിങ്കളാഴ്ച വൈകു നേരത്തോടെയായിരുന്നു സംഭവം. വൈകുന്നേരം അഞ്ചോടെ ആരംഭിച്ച രക്ഷാപ്രവർത്തനം രാത്രി പത്തരയോടെയാണ് അവസാനിച്ചത്. ജെസിബി ഉൾപ്പെടെയുള്ളസംവിധാനങ്ങൾ ഉപയോഗിച്ചാണ് കുഴിയിൽനിന്ന് പശുവിനെ പുറത്തെടുത്തത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സന്തോഷ് കുമാറാണ് കുഴിയിലിറങ്ങി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജി.പി. ഹരിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രദീപ്, ശ്യാംധരൻ, ഹരികൃഷ്ണൻ, ഹോംഗാർഡ് സജി, കക്കാമൂല വാർഡ് മെമ്പർ ബിജു, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Tags :