തിരുവനന്തപുരം: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 28-ാമത് ഫാ. എഫ്രേം ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ പ്രൈസ് മണി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിനു കിരീടം.
ഫൈനലിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസിനെ (73- 60) എന്ന സ്കോറിനാണ് സെന്റ് ജോസഫ്സ് പരാജയപ്പെടുത്തിയത്. 14 പോയിന്റുകൾ നേടിയ ജിയാന്റെയും 12 പോയിന്റുകൾ വീതം നേടിയ ജോയൽ, ഋതുരാജ്, ആൽഡ്രിൻ എന്നിവരുടെയും 10 പോയിന്റുകൾ നേടിയ അമലിന്റെയും മികച്ച ടീം പ്രകടനമാണ് സെന്റ് ജോസഫ്സിന് വിജയമൊരുക്കിയത്. 33 പോയിന്റുമായി തിളങ്ങിയ ആർ. വാസുദേവ്, 12 പോയിന്റുകൾ നേടിയ ഷിജോണ്‍ എന്നിവരുടെ മികവിൽ സെന്റ് സ്റ്റീഫൻസ് ശക്തമായ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിടിഎ പ്രസിഡന്റ് ഹാഷിം സലീമിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഒഒയും തിരുവനന്തപുരം കൊന്പൻസ് ഡയറക്ടറും ബാസ്കറ്റ്ബോൾ ലീഗ് കേരള പ്രൊമോട്ടറുമായ ആർ. അനിൽകുമാർ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെറോം അൽഫോൻസ്, പ്രിൻസിപ്പൽ ഡോ. സുനിൽകുമാർ മൊറൈസ്, ഹെഡ്മാസ്റ്റർ നിധീഷ് സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി എ. ഗ്ലാവിയസ്, ജനറൽ കണ്‍വീനർ മനോജ് സേവ്യർ എന്നിവർ പ്രസംഗിച്ചു.
Tags : Goes to St. Joseph’s HSAC Nattuveshesham Districtnews