വീടിന്റെ ഗേറ്റ് കള്ളൻമാർ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം.
കാസർഗോഡ്: കള്ളന്മാർ വരാതിരിക്കാൻ വീടിന്റെ ഗേറ്റടച്ചുപൂട്ടി സുരക്ഷിതമാക്കുന്നവരാണ് നമ്മളിലേറെയും. പക്ഷേ ഗേറ്റുതന്നെ കള്ളൻമാർ എടുത്തുകൊണ്ടുപോയാൽ എന്തുചെയ്യുമെന്ന ചോദ്യമാണ് ചെമ്മനാട് കൂവത്തൊട്ടിയിൽ നിന്നു കേൾക്കുന്നത്.
കൂവത്തൊട്ടിയിലെ വി.കെ. ജയനാരായണൻ നമ്പ്യാരുടെ വീടിന്റെ ചെറിയ ഗേറ്റാണ് കള്ളൻമാർ എടുത്തുകൊണ്ടുപോയത്. വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള വലിയ ഗേറ്റിനൊപ്പം ആളുകൾക്ക് കടന്നുവരാൻവേണ്ടി മാത്രം സ്ഥാപിച്ച ഗേറ്റായിരുന്നു ഇത്. കഴിഞ്ഞ ഒക്ടോബർ 27ന് വൈകിട്ട് ഗേറ്റടയ്ക്കാനായി ചെന്നപ്പോഴാണ് ഗേറ്റുതന്നെ അവിടെയില്ലെന്നു കണ്ടത്. അടുത്തുള്ള വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോൾ ഗേറ്റ് രണ്ടുപേർ ചേർന്ന് ഒരു സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യം കിട്ടി. ഈ ദൃശ്യം സഹിതം വീട്ടുകാർ മേൽപറമ്പ് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
ദൃശ്യത്തിൽ കാണുന്ന ആളുകളുടെ വിവരമോ വാഹന നമ്പറോ ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് സൂചന.
Tags : Chemmanad stolen Nattuvishesham DistrictNews