ചുവട് ദ്രവിച്ച് ഉണങ്ങി പാതയിലേക്ക് ചാഞ്ഞ് നില്ക്കുന്ന കൂറ്റന്‍ മരം.
കുളത്തൂപ്പുഴ : യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഭീഷണിയായി കുളത്തൂപ്പുഴ -മടത്തറ പാതയിലെ കൂറ്റന്‍ മരങ്ങള്‍. കുളത്തൂപ്പുഴ മടത്തറ പാതയിലെ ഡിപ്പോ ഭാഗത്താണ് ഏത് നിമിഷവും കടപുഴകി റോഡിലേക്ക് വീഴാവുന്ന നിലയില്‍ നിരവധി മരങ്ങള്‍ ഉള്ളത്. ചുവടുഭാഗം ദ്രവിച്ചും മണ്ണിളകിയും ഉണങ്ങിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീഴാറായും നില്ക്കുന്ന മരങ്ങള്‍ വലിയ അപകടസാധ്യതയാണ് ഉയര്‍ത്തുന്നത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി റോഡിലേക്ക് പതിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനോടകം മരങ്ങളുടെ വലിയ ശിഖരങ്ങള്‍ പാതയിലേക്ക് ഒടിഞ്ഞുവീണ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. തലനാരിഴയ്ക്കാണ് പലപ്പോഴും വാഹനയാത്രക്കാര്‍ വന്‍ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടുന്നത്.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത്, വനം വകുപ്പ് അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഓരോ മഴക്കാലവും എത്തുമ്പോള്‍ പ്രദേശവാസികളുടെ ആശങ്ക ഇരട്ടിക്കുകയാണ്. രാത്രികാലങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ വീടുകളില്‍ കഴിയുന്നവര്‍പോലും ഭീതിയോടെയാണ് സമയം തള്ളിനീക്കുന്നത്.
മരങ്ങള്‍ റോഡിലേക്ക് വീഴുന്നതിനുപുറമെ സമീപത്തെ വീടുകള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അപകടാവസ്ഥയിലുള്ള ചില മരങ്ങള്‍ റോഡിന്റെ എതിര്‍ദിശയിലുള്ള വീടുകള്‍ക്ക് മുകളിലേക്ക് പതിക്കാവുന്ന രീതിയിലാണ് നില്‍ക്കുന്നത്. മരങ്ങള്‍ കടപുഴകിയാല്‍ വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാകുന്നതിനൊപ്പം ജീവഹാനിക്കുപോലും സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ ഇത്തരം അപകടാവസ്ഥയിലുള്ള മരങ്ങള്‍ നിലനില്‍ക്കുന്നത് ഗൗരവകരമായ സുരക്ഷാ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍, കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബസുകള്‍, ചരക്കുവാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങി നിരവധിയാളുകള്‍ ആശ്രയിക്കുന്ന പാതയാണിത്. തിരക്കേറിയ സമയത്തോ രാത്രികാലങ്ങളിലോ ഒരു മരം റോഡിലേക്ക് പതിച്ചാല്‍ ഉണ്ടാകാവുന്ന ദുരന്തത്തിന്റെ വ്യാപ്തി ചെറുതായിരിക്കില്ല.
അപകടഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള ഉത്തരവാദിത്വം വിവിധ വകുപ്പുകള്‍ പരസ്പരം കൈമാറി കാലതാമസം വരുത്തുകയാണെന്ന പരാതിയും ഉയരുന്നുണ്ട്. മനുഷ്യജീവന് ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്കു നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നിരിക്കെ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളില്ലെന്നാണ് നാട്ടുകാരുടെ വിമര്‍ശനം.
ഒരു അപകടം സംഭവിച്ചുകഴിഞ്ഞാല്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും നഷ്ടപരിഹാര നടപടികള്‍ക്കും മറ്റ് ഔദ്യോഗിക നടപടികള്‍ക്കും തുടക്കമിടുകയും ചെയ്യുന്നതില്‍ മാത്രം അധികൃതരുടെ പ്രവര്‍ത്തനം ഒതുങ്ങാതെ അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അത് ഒഴിവാക്കാനുള്ള നടപടികളാണ് ഭരണസംവിധാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നാണ് ആവശ്യമുയരുന്നത്.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തരമായി കണ്ടെത്തി പരിശോധന നടത്തുകയും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ അവ മുറിച്ചുനീക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഒരു ജീവന് പൊലിയുകയോ വീടുകള്‍ തകരുകയോ ചെയ്തതിനുശേഷം മാത്രം ഉണര്‍ന്നിട്ട് കാര്യമില്ലെന്നും ദുരന്തം സംഭവിക്കുന്നതിന് മുമ്പ് അധികൃതര്‍ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags :