ഗോശ്രീ ദ്വീപ് വികസന അഥോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജിഡയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ജിഡ ചെയര്‍പേഴ്സണായ മുഖ്യമന്ത്രി വി.ഡി. സതീശന് പ്രസംഗിക്കുന്നു
കൊച്ചി: ഗോശ്രീ ദ്വീപ് വികസന അഥോറിറ്റിയുടെ (ജിഡ) നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് ജിഡ ചെയര്‍പേഴ്സണായ മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു.
ഗോശ്രീ ദ്വീപ് വികസന അഥോറിറ്റിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന 38-ാമത് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പദ്ധതി പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള കാലാവധി രണ്ട് വര്ഷമാണെങ്കില് അതേ സമയത്തിനുള്ളില്‍ പൂർത്തിയാക്കണം. മൂന്നാം വര്‍ഷത്തിലേക്ക് ദീര്‍ഘിപ്പിക്കാന്‍ അനുവദിക്കില്ല.
ഗോശ്രീ പാലത്തിന് സമാന്തരമായുള്ള പാലങ്ങളും ഐലന്‍ഡുകളിലേക്കുള്ള കണക്ടിവിറ്റിയും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.
കൊച്ചിയെയും സമീപ പ്രദേശങ്ങളെയും പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനായി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സമഗ്രമായ വികസന പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ഹൈബി ഈഡന് എംപി, മേയര്‍ വി.കെ. മിനിമോള്‍, എംഎല്‍എമാരായ ടി.ജെ. വിനോദ്, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എന്‍.എസ്.കെ. ഉമേഷ്, ജിഡ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ജി. പ്രിയങ്ക, പഞ്ചായത്ത് പ്രസിഡന്റുമാരായ അക്യുലിന് ലോപ്പസ് (മുളവുകാട്), എം.എസ്. ആന്റണി (കടമക്കുടി), ബെന്നി ബര്‍ണാഡ് (എളങ്കുന്നപ്പുഴ), ജോബി വര്‍ഗീസ് (ഞാറക്കല്‍), ജില്ലാ പഞ്ചായത്ത് അംഗം വിവേക് ഹരിദാസ്, കൊച്ചി കോര്പറേഷന് സെക്രട്ടറി പി.എസ്. ഷിബു, ടൗണ്‍ പ്ലാനര്‍ എം.എം. ഷീബ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.വി. അനുരൂപ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :