യോഗം മുള്ളൻകൊല്ലി ഫൊറോന വികാരി ഫാ. ജോർജ് ആലുക്ക ഉദ്ഘാടനം ചെയ്യുന്നു.
പുൽപ്പള്ളി: മാനന്തവാടി രൂപതയുടെ കീഴിലുള്ള പുൽപ്പള്ളി മേഖലയിലെ ഇടവകകൾ ചേർന്ന് ക്രിസ്മസിനോടനുബന്ധിച്ച് ക്രിസ്മസ് റാലി ഗ്ലോറിയ 2026 നടത്താൻ തീരുമാനിച്ചു. ഇതിനായി സ്വാഗതസംഘം രൂപീകരിച്ചു. മുള്ളൻകൊല്ലി ഫൊറോനയിലെ മരകാവ്, മരക്കടവ്, കബനിഗിരി, സീതാമൗണ്ട്, പാടിച്ചിറ, ശിശുമല, അമരക്കുനി, ആടിക്കൊല്ലി, ഇരുളം, പട്ടാണികൂപ്പ്, പുൽപ്പള്ളി എന്നീ ഇടവകകൾ ചേർന്നാണ് ക്രിസ്മസ് റാലി നടത്തുന്നത്.
ഡിസംബർ 19ന് ഉച്ചകഴിഞ്ഞ് പുൽപ്പള്ളി ടൗണിലാണ് റാലി നടക്കുന്നത്. പതിനായിരത്തോളം വിശ്വാസികൾ റാലിയിൽ അണിനിരക്കും. വിവിധ പാരന്പര്യ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, ക്രിസ്മസ് പപ്പമാർ തുടങ്ങിയവ റാലിയിൽ അണിനിരക്കും. മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം ക്രിസ്മസ് സന്ദേശം നൽകും.
മുള്ളൻകൊല്ലി പാരിഷ് ഹാളിൽ ഇടവക വികാരിമാർ, ഇടവക പ്രതിനിധികൾ, സന്യാസ സഭ പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ റാലിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. മുള്ളൻകൊല്ലി ഫൊറോന വികാരി ഫാ. ജോർജ് ആലുക്ക ഉദ്ഘാടനം ചെയ്തു. ഫാ. സുനിൽ വട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ഫൊറോന കൗണ്‍സിൽ സെക്രട്ടറി ഇ.എസ്. ബെന്നി എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: ഫാ. ജോർജ് ആലുക്ക-ചെയർമാൻ, ഫാ. സുനിൽ വട്ടുകുന്നേൽ -ജനറൽ കണ്‍വീനർ, ലിസി സാബു മങ്ങാട്ട്കുന്നേൽ, ജോഷി ചാരുവേലിൽ, ബാബു നന്പുടാകം-കണ്‍വീനർമാർ. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
Tags : Committee Formed Nttuvishesham Districtnews