ഓഹരി സമാഹരണ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നു.
പെരിന്തല്‍മണ്ണ: ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയുടെ പുതിയ ഓഹരി സമാഹരണത്തിന്റെ ഉദ്ഘാടനം മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.
ആശുപത്രിയുടെ വളര്‍ച്ചയും വികസനവും ജനകീയ പങ്കാളിത്തത്തോടെയുള്ള ഓഹരി സമാഹരണത്തിലൂടെ നടത്തുന്നത് ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. സഹകരണ രംഗത്ത് ആരോഗ്യമേഖലയില്‍ ഇഎംഎസ് ആശുപത്രി മികച്ച മാതൃകയാണെന്നും, നാടിന്റെ ആരോഗ്യരംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് ആശുപത്രി കരുത്തേകുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ ഡയാലിസിസ് മെഷീന്, ഐസിയു ആംബുലന്‍സ് ഫ്ളാഗ് ഓഫ് എന്നിവ ഇഎംഎസ് ചാരിറ്റബിള്‍ മെഡിക്കല്‍ ട്രസ്റ്റ് ചെയര്മാന് എ. വിജയരാഘവന് നിര്‍വഹിച്ചു.
ആശുപത്രി ചെയര്മാന് വി.പി. അനില്‍കുമാര്‍ ഷെയര്‍ സ്കീം പദ്ധതികള്‍ വിശദീകരിച്ചു. ആശുപത്രിയുടെ ഭാവി വികസനത്തിനും ആധുനിക ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണത്തിനുമാണ് പുതിയ ഓഹരി സമാഹരണം ലക്ഷ്യമിടുന്നത്.
വയോജനങ്ങള്‍ക്ക് സുരക്ഷിതത്വവും സൗകര്യപ്രദമായ പരിചരണവും മികച്ച ജീവിതാനുഭവവും ഉറപ്പാക്കുന്ന കമ്യൂണിറ്റി ലിവിങ് സെന്റര്‍, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്, നൂതന കാന്‍സര്‍ ചികിത്സാ വിഭാഗം, ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണം, ടെലിമെഡിസിന്‍ സൗകര്യം, ഐപി ബ്ലോക്കിന്റെ നവീകരണം എന്നിവയാണ് പദ്ധതിയിലുള്ളത്.
എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, അഡ്വ. കെ. പ്രേംകുമാര്‍, കേരള ഭക്ഷ്യ കമ്മീഷന് അംഗം വി. രമേശന്, താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കളപ്പാടന്‍ ഹുസൈന്, വാര്‍ഡ് മെമ്പര്‍ മുഹമ്മദലി, ആശുപത്രി വൈസ് ചെയര്മാന് ഡോ. വി. യു. സീതി, ഡോ. എ. മുഹമ്മദ്, പി.പി. വാസുദേവന്‍, വി. ശശികുമാര്‍, അഡ്വ. ടി. കെ. റഷീദലി, സിഐടിയു സംസ്ഥാന സെക്രട്ടറി പി. പത്മജ, കെപിസിസി സെക്രട്ടറി ബാബുരാജ്, ഡോ. കെ. മോഹന്‍ദാസ്, ഡോ. കൊച്ചു എസ്. മണി, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യന്, ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ. രാജേഷ്, ജനറല്‍ മാനേജര്‍ എം. അബ്ദുന്നാസിര്‍ എന്നിവര്‍ പ്രസംഗിച്ചു.