ഫോര്‍ട്ടുകൊച്ചി കാന്‍വാസ് റസ്റ്ററന്റിലുണ്ടായ തീപിടിത്തം.
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചിയിലെ കാൻവാസ് റസ്റ്ററന്റിൽ തീപിടിത്തം. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തില്‍ ജസ്റ്റിൻ എന്നയാളുടെ കൈയ്ക്ക് പൊള്ളലേറ്റു. ഇന്നലെ പുലര്‍ച്ചെ 12 ഓടെയായിരുന്നു അപകടം. റസ്റ്ററന്റിലെ ജീവനക്കാർ താമസിക്കുന്ന മുറികളിലാണ് തീപടർന്നത്.
റസ്റ്ററന്റിൽ തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നത് തീയണയ്ക്കുന്നതിന് സഹായകമായി. ജീവനക്കാരന്റെ പാസ്പോര്‍ട്ട് ഉള്‍പെടെയുള്ള രേഖകള്‍ തീപിടിത്തത്തില്‍ കത്തിനശിഞ്ഞു. മട്ടാഞ്ചേരി, ഗാന്ധിനഗർ എന്നിവിടങ്ങളിൽനിന്നായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സുരേഷ് കുമാറിന്റെയും കെ.ആർ. രഞ്ജിത്തിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാരും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.