വിതുര: നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തമായി കെട്ടിടമില്ലാതെ വിതുര സബ് ട്രഷറി. വിതുര പഞ്ചായത്ത് ഓഫീസ്, കമ്യൂണിറ്റി ഹാൾ എന്നിവ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ പ്രവർത്തനം തുടങ്ങിയ ട്രഷറിയിൽ നിന്നു തിരിയാൻ ഇടമില്ലെന്നും ആക്ഷേപം.
മലയോര പഞ്ചായത്തുകളിലെ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആശ്രയമായ ഇവിടെ ഇടപാടുകാരുടെ എണ്ണം വർധിച്ചപ്പോഴുണ്ടായ സൗകര്യക്കുറവാണ് പ്രധാനപ്രശ് നം. പെൻഷൻ വിതരണം ചെയ്യുന്ന ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാകുന്നുണ്ട്. ഇരിക്കാനോ വിശ്രമിക്കാനോ ഉള്ള സ്ഥലസൗകര്യംപോലും ഓഫീസിലില്ല. നെടുമങ്ങാട് ട്രഷറിയെ ആശ്രയിച്ചിരുന്ന വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായാണ് വിതുരയിൽ സബ്ട്രഷറി അനുവദിച്ചത്. എന്നാൽ പിന്നീട് കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ടു ട്രഷറി സൗകര്യങ്ങൾ വർധിപ്പിക്കാത്തതു പ്രവർത്തനത്തെ ബാധിച്ചു. കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ കെട്ടിടത്തിന്റെ ചുവരുകളിലും മേൽക്കൂരയിലും പൊട്ടലുണ്ട്. ജനവാതിലുകൾക്കാകട്ടെ അടച്ചുറപ്പില്ല. സ്ട്രോംഗ് റൂം പോലും സുരക്ഷിതമ ല്ലെന്നാണ് ആക്ഷേപം.
തറയിലെ സിമന്റ് ഇളകിമാറി കുഴികളായി. ഇവിടെ തറയോട് പാകണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്തിനു കീഴിലുള്ള കെട്ടിടമായതിനാൽ സർക്കാരും കെട്ടിടത്തെ അവഗണിക്കുന്നതായാണ് ആക്ഷേപം.
ഇടയ്ക്ക് ട്രഷറി മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റാനുള്ള ശ്രമവും നടന്നു. ഇടപാടുകാർക്ക് എത്തിച്ചേരാൻ സൗകര്യമുള്ള സ്ഥലത്ത് പ്രവർത്തിക്കുന്ന ട്രഷറി വിതുരയിൽനിലനിർത്തണമെന്നാണ് ഇടപാടുകരുടെ ആവശ്യം.