നവീകരിച്ച പേവിഷബാധ രോഗനിര്‍ണയ കേന്ദ്രത്തിന്റെയും വനിതാ ഹോസ്റ്റലുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ബിന്ദു കൃഷ്ണ പ്രസംഗിക്കു
കല്‍പ്പറ്റ: മൃഗസംരക്ഷണ മേഖലയില്‍ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ.
പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ നവീകരിച്ച പേവിഷബാധ രോഗനിര്‍ണയ കേന്ദ്രത്തിന്റെയും വനിതാ ഹോസ്റ്റലുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ആധുനിക ശാസ്ത്ര മുന്നേറ്റങ്ങള്‍ക്ക് അനുസൃതമായി മൃഗസംരക്ഷണ മേഖലയില്‍ മികച്ച മാറ്റങ്ങളാണ് വന്നത്. സര്‍വകലാശാലയില്‍ ആരംഭിക്കന്ന ഇന്റഗ്രേറ്റഡ് കോഴ്സുകളിലൂടെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഗവേഷണങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കും.
പ്രായോഗിക ബുദ്ധിയിലൂടെ വിദ്യാസമ്പന്നരായ തലമുറയെ സൃഷ്ടിക്കാന്‍ സര്‍വകലാശാലകള്‍ നാടിന് അനിവാര്യമാണ്. പൂക്കോട് സര്‍വകലാശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ഥികളുടെ മുന്നേറ്റത്തിനും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. സര്‍വകലാശാലയില്‍ പഠിച്ചിറങ്ങിയവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രമുഖ ശാസ്ത്രജ്ഞരായി സേവനമനുഷ്ഠിക്കുന്നത് അഭിമാനകരമാണ്.
വിദ്യാര്‍ഥികള്‍ കാമ്പസിലും സമൂഹത്തിലും കണ്ടുവരുന്ന ലഹരി ഉപയോഗത്തെ ശക്തമായി എതിര്‍ക്കണം. സേ നോ ടു ഡ്രഗ്സ് സന്ദേശം ആര്‍ജവത്തോടെ പറയാന്‍ ഓരോ വിദ്യാര്‍ഥിക്കും കഴിയണം.
അക്കാദമിക വളര്‍ച്ചയ്ക്കൊപ്പം വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിനും കൗണ്‍സലിംഗിനും പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രഫ. കെ.എസ്. അനില്‍ അധ്യക്ഷത വഹിച്ചു.
രജിസ്ട്രാര്‍ പ്രഫ. സാബിന് ജോര്‍ജ്, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജന്, വാര്‍ഡംഗം രജനി രവീന്ദ്രന്, സര്‍വകലാശാല ഭരണസമിതി അംഗങ്ങളായ പ്രഫ. കെ.സി. ബിപിന്‍, സി.ആര്. സന്തോഷ്, മാനേജ്മെന്റ് കൗണ്‍സില്‍ അംഗങ്ങളായ പ്രഫ. സാനിസ് ജൂലിയറ്റ്, ഡോ. പി.ടി. ദിനേശ്, സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ് പ്രഫ. ടി.എസ്. രാജീവ്, ഫിനാന്‍സ് ഓഫിസര്‍ എ.കെ. ദിനേശന്, സര്‍വകലാശാല എന്‍ജിനിയര്‍ എം.വി. ശ്രീജിത്ത്, സിഡിഎസ് സ്പെഷ്യല്‍ ഓഫിസര്‍ ഡോ. അര്‍ച്ചന ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
2025-26 പദ്ധതിയില്‍ ഉള്‍പ്പടുത്തി ഫ്ളൂറസെന്റ് മൈക്രോസ്കോപ് ഉള്‍പ്പടെ സ്ഥാപിച്ചാണ് പൂക്കോട് വെറ്ററിനറി കേളജിലെ പേവിഷബാധ രോഗനിര്‍ണയ കേന്ദ്രം നവീകരിച്ചത്. നവീകരിച്ച ലബോറട്ടറി വടക്കന കേരളത്തിലെ ഏകോപിത മൃഗാരോഗ്യ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.
വിദ്യാര്‍ഥിനികളുടെ താമസസൗകര്യത്തിലെ അപര്യാപ്തത പരിഹരിക്കുന്നതിന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അനുവദിച്ച തുകയും സര്‍വകലാശാലയുടെ തനത് ഫണ്ടും ഉപയോഗിച്ച് രണ്ട് ഹോസ്റ്റലുകളാണ് കാമ്പസില്‍ നിര്‍മിച്ചത്. 43 മുറികളാണ് ഹോസ്റ്റലില്‍.