സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: ടൗണ്ഷിപ് നിർമാണം മന്ദഗതിയിലാക്കി സർക്കാർപുഞ്ചരിമട്ടം ദുരന്തബാധിതരെ കൈയൊഴിയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ടൗണ്ഷിപ് നിർമാണം വേഗത്തിൽ പൂർത്തിയാക്കുക, തുരങ്കപാത നിർമാണം പുനരാരംഭിക്കുക, ബദൽ റോഡുകൾ യാഥാർഥ്യമാക്കുക, താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, വന്യജീവി ശല്യം തടയുന്നതിന് ശാസ്ത്രീയ പദ്ധതികൾ നടപ്പാക്കുക, ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ദുർബലമായി വിജ്ഞാപനം ചെയ്യുന്നതിനെതിരേ സർക്കാർ ശക്തമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് മുൻ സർക്കാർ മാതൃകാപരമായാണ് ഇടപെട്ടത്. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ താളം തെറ്റുന്നതാണ് കണ്ടത്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ മാനിക്കുന്ന പാർട്ടിയാണ് സിപിഐ. എന്നാൽ മനുഷ്യനും പ്രകൃതിക്കും ഇടയിൽ സംഘർഷമുണ്ടാകുന്പോൾ മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. വയനാട് അഭിമുഖീകരിക്കുന്ന യാത്രാപ്രശ്നത്തിന്റെ പരിഹാരത്തിന് ബദൽപാതയും തുരങ്കപാതയും ആവശ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സജി വർഗീസ് പ്രസംഗിച്ചു. ഹെഡ്പോസ്റ്റ് ഓഫിസ് പരിസരത്ത് ആരംഭിച്ച മാർച്ചിന് സംസ്ഥാന കൗണ്സിൽ അംഗം പി.എം. ജോയ്, കണ്ട്രോൾ കമ്മിഷൻ അംഗം പി.കെ. മൂർത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാൻലി, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജയൻ ചെറുകര, വി.കെ. ശശിധരൻ, ടി. മണി, എം.വി. ബാബു, കെ.കെ. തോമസ്, മഹിത മൂർത്തി, വി. യൂസഫ് എന്നിവർ നേത്യത്വം നൽകി.
Tags :