എണ്ണപ്പാറ പേരിയയിലെ സനോജ് മാധവന് നിര്‍മിച്ചു നല്കുന്ന സ്നേഹവീട്.
എണ്ണപ്പാറ: ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായ എണ്ണപ്പാറ പേരിയയിലെ സനോജ് മാധവന് നാട്ടുകാര്‍ നിര്‍മിച്ചുനല്‍കിയ സ്നേഹവീടിന്റെ നിര്‍മാണം പൂര്‍ത്തിയായി.
താക്കോല്‍ദാനം നാളെ രാവിലെ 11.30ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളി വികാരി ഫാ. ജോയിസ് കാരിക്കാത്തടത്തില്‍, ഭവനനിര്മാണകമ്മിറ്റി രക്ഷാധികാരി യു. നാരായണന് നായര്‍ എന്നിവര്‍ ചേർന്ന് നിർവഹിക്കും. കഴിഞ്ഞ ഒമ്പതു വര്‍ഷമായി കിടപ്പിലായി, ഒരു കുഞ്ഞുവീടെന്ന സ്വപ്നവുംകണ്ട് ജീവിച്ച യുവാവിന് ഭിന്നശേഷിക്കാര്‍ക്കുള്ള പെന്ഷന് മാത്രമാണ് വരുമാനം. പേരിയ ജംഗഷ്നില്‍ നല്ല മാര്‍ക്കറ്റ് വിലയുള്ള അഞ്ചുസെന്റ് സ്ഥലം ഉഷ എന്ന വീട്ടമ്മ ദാനം ചെയ്യാന്‍ തയാറായതോടെയാണ് സനോജിന് വീടൊരുക്കാന്‍ നാട് രംഗത്തിറങ്ങിയത്. എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചര്‍ച്ച് വികാരി ഫാ. ജോയിസ് കാരിക്കാത്തടത്തിലിന്റെ നേതൃത്വത്തില്‍ ഇടവക കൂട്ടായ്മ വീടിന്റെ തറ നിര്മിച്ചുനല്കിയതോ ടെ പിന്നീടെല്ലാം വേഗത്തിലായി.
സനോജിന്റെ ക്ലാസ്മേറ്റ് കൂട്ടായ്മ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, ജിവനക്കാര്‍ എന്നിവരും വിവിധ സംഘടനകളും കൂട്ടായ്മകളും നന്മ മനസിനൊപ്പം നിന്നു. 740 ചതുരശ്രമീറ്ററില്‍ രണ്ടു ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയടങ്ങിയ ഭിന്നശേഷി സൗഹൃദമായ മനോഹരമായ വീടൊരുങ്ങി.
കെഎസ്ഇബി അധികൃതര്‍ സ്വകാര്യ റോഡരികുവഴി മൂന്നു വൈദ്യുതതൂണുകൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്. ഭൂമി ദാനം ചെയ്ത വീട്ടുകാര്‍ താത്കാലികമായി കുടിവെള്ള സൗകര്യമൊരുക്കിനല്കി. പഞ്ചായത്ത് അധികൃതര്‍ കുഴല്‍കിണര്‍ നിര്‍മിച്ച് സനോജിന് കൂടിവെള്ള സൗകര്യമൊരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags : key to Sanojs Snehaveedu Nattuvishesham DistrictNews