ഇടുക്കി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കരിങ്കുന്നം ഡിവിഷനില്‍നിന്ന് വിജയിച്ച കേരള കോണ്‍ഗ്രസിലെ ഷീല സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി അടിമാലി ഡിവിഷന് അംഗം കോണ്‍ഗ്രസ് പ്രതിനിധി ടി.എസ്. സിദ്ദിഖിനെയും തെഞ്ഞെടുത്തു. വരണാധികാരി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് മുന്‍പാകെ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും സത്യപ്രതിജ്ഞ ചെയ്തു.
ജില്ലാ പഞ്ചായത്തില്‍ ആകെ 17 ഡിവിഷനുകളാണുള്ളത്. ഷീല സ്റ്റീഫന്‍ 14 വോട്ടും എതിര് സ്ഥാനാര്‍ഥി നെടുങ്കണ്ടം ഡിവിഷനിലെ തിലോത്തമ സോമന് മൂന്നു വോട്ടും നേടി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.എസ്. സിദ്ദിഖ് മൂന്നിനെതിരേ 14 വോട്ടുകള്‍ക്കു വിജയിച്ചു. എതിര് സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ ടി.ആര്. ഈശ്വരന് മൂന്നു വോട്ടുകള്‍ നേടി. എഡിഎം ഷൈജു പി. ജേക്കബും പങ്കെടുത്തു. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പത്തും കേരള കോണ്‍ഗ്രസിന് നാലും അംഗങ്ങളാണുള്ളത്. ആദ്യ ഒരു വര്‍ഷം അധ്യക്ഷസ്ഥാനം കേരള കോണ്‍ഗ്രസിനും തുടര്‍ന്നുള്ള നാലു വര്‍ഷം കോണ്‍ഗ്രസിനും ലഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷീല സ്റ്റീഫന്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവും വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാണ്. കോട്ടയം ബിസിഎം കോളജ് റിട്ട.പ്രിന്‍സിപ്പലാണ്.