ഇന്നലെ രാവിലെ ആനയിറങ്കല്‍ ഡാമിലെത്തി വെള്ളംകുടിക്കുന്ന ചക്കക്കൊമ്പന്.
ചിന്നക്കനാൽ: പതിവുതെറ്റിക്കാതെ ചക്കക്കൊമ്പന് ഇന്നലെയും ചിന്നക്കനാലില്‍ എത്തി. ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ പുല്മേട്ടില് പുല്ലുതിന്നും ഡാമില്‍ നിന്നു വെള്ളംകുടിച്ചും മേഖലയില്‍ തലയെടുപ്പോടെ വിഹരിക്കുകയായിരുന്നു ചക്കക്കൊമ്പൻ. രണ്ടുദിവസങ്ങളിലായി നാലുഡോസ് മയക്കുവെടി ഏറ്റതിന്റെ യാതൊരുക്ഷീണവും പ്രകടിപ്പിക്കാതെ ഊര്‍ജസ്വലനായി നടന്നു നീങ്ങുന്ന ആനയെയാണ് ഇന്നലെ കാണാനായത്.
മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനായി ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം ആറുവരെ ദൗത്യസംഘം നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. സാഹസികതയും ഏറെ ഉദ്വേഗം നിറഞ്ഞതുമായ ദൗത്യമാണ് നടന്നത്. മയക്കുവെടിയേറ്റെങ്കിലും പ്രതീക്ഷിച്ചതുപോലെ ആന മയങ്ങാതെ വന്നതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്.
വെള്ളിയാഴ്ച ആദ്യമയക്കുവെടിക്കു പിന്നാലെ ബൂസ്റ്റര്‍ഡോസും നല്‍കിയെങ്കിലും ആന ഡാമിലേക്കിറങ്ങിയത് ദൗത്യസംഘത്തെ ഞെട്ടിച്ചു. വെള്ളത്തിലിറങ്ങാതിരിക്കാന്‍ നടത്തിയ മുന്‍കരുതല്‍ നടപടികളെല്ലാം പാളിയതോടെ ആനയ്ക്ക് അപകടം സംഭവിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ബോട്ടിലെത്തിയ ദൗത്യസംഘം മറുമരുന്ന് നല്‍കുകയായിരുന്നു. താമസിയാതെ ആനകരയ്ക്കു കയറുകയും ചെയ്തു. വെള്ളത്തില്‍ നില്ക്കുമ്പോള് മയക്കം സംഭവിച്ചാല്‍ ആനയുടെ ജീവന്‍വരെ അപകടത്തിലാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നു ഈ നടപടി.
ഉഷാറിന് ഒട്ടും കുറവില്ല
ആനയിറങ്കല്‍ ഡാമിനു സമീപം ആവാസ വ്യവസ്ഥയില്‍ ചക്കക്കൊമ്പന് പൂര്‍ണ ആരോഗ്യവാനായി തുടരുന്നതായി വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.കെ.വിനോദ്കുമാര്‍ അറിയിച്ചു. ആന പതിവുപോലെ ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ തുടരുകയാണ്.വനപാലക സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും നീക്കങ്ങളും ആരോഗ്യസ്ഥിതിയും തുടര്‍ച്ചയായി വിലയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആനയിറങ്കല്‍ ഡാം, 301 ഏക്കർ, സിങ്കുകണ്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് ആനയുടെ സഞ്ചാരം.ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് തിരിച്ചയക്കുന്ന നടപടികള്‍ ആരംഭിച്ചത്. ദൗത്യം നടപ്പാക്കിയാലും ആനയെ നിരീക്ഷിക്കുന്ന നടപടി തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇടവേളയ്ക്കു ശേഷം ഡിസംബര്‍ അവാനം മുതല്‍ ജനുവരി ആദ്യം വരെയുള്ള സമയത്തായിരിക്കും അടുത്ത ദൗത്യം.
ഭൂപ്രകൃതിയും കാലാവസ്ഥയും വില്ലനായി
ചക്കക്കൊമ്പന് ദൗത്യത്തില്‍ കൂടുതല്‍ വെല്ലുവിളി സൃഷ്ടിച്ചത് ചിന്നക്കനാലിലെ ഭൂ പ്രകൃതിയും കാലാവസ്ഥയുമായിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയും കോടമഞ്ഞും മലകളും പാറക്കെട്ടുകളും ചതുപ്പും നിറഞ്ഞ പ്രദേശങ്ങളും മലഞ്ചെരുവുകളും ആനയിറങ്കല്‍ അണക്കെട്ടും ചക്കക്കൊമ്പന് ഒരു പരിധിവരെ പ്രതിരോധം തീര്‍ത്തു. സുരക്ഷിത സ്ഥാനത്ത് ആനയെ എത്തിച്ച് മയക്കുവെടിവയ്ക്കാനുള്ള നീക്കമാണ് ഇതോടെ പാളിയത്.
അരിശക്കാരനായ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ നിന്നും ദൗത്യസംഘം രണ്ടുതവണ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സാധാരണ തോക്ക് ഉപയോഗിക്കുന്നതുപോലെയല്ല മയക്കുവെടി ഉതിര്‍ക്കുന്നത്. ആനയുടെ 50 മീറ്റര്‍ അടുത്തെങ്കിലും എത്തിയാല്‍ മാത്രമേ പ്രതീക്ഷിച്ച സ്ഥാനത്ത് ഉന്നംപിഴയ്ക്കാതെ വെടിയുതിര്ക്കാനാകൂ. മരച്ചില്ലയിലോ ചെടിയിലോ തട്ടിയാല്‍ പോലും ലക്ഷ്യംമാറിപോകാനുള്ള സാധ്യതയേറെയാണ്.
വെടിയുതിര്‍ക്കുന്നതിനിടെ മണംതിരിച്ചറിഞ്ഞ് പാഞ്ഞെത്തി ആന ആക്രമിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ആനയുടെ ആക്രമണമുണ്ടായാല്‍ ഇതില്‍നിന്നു രക്ഷപ്പെടാനുള്ള അനുകൂല സാഹചര്യവും ആവശ്യമാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ ഏറെ വെല്ലുവിളിനിറഞ്ഞതായിരുന്നു ദൗത്യസംഘത്തിന്റെ ഓരോ നീക്കവും.
അരിക്കൊമ്പന് പാഠം തുണയായില്ല
ചിന്നക്കനാലിലെ പ്രശ്നക്കാരനായിരുന്ന അരിക്കൊമ്പനെ മൂന്നുവര്‍ഷം മുമ്പ് മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് തേക്കടി വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ആന കിലോമീറ്ററുകള്‍ സഞ്ചരിച്ച് കമ്പം മേഖലയിലെത്തുകയും ടൗണിലിറങ്ങുകയും നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. ഇവിടെ നിന്നു തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി കളക്കുടി വനമേഖലയില്‍ തുറന്നുവിടുകയും ചെയ്തു.
ഈ പ്രദേശവുമായി ഇണങ്ങിയ അരിക്കൊമ്പന് ഇവിടെ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുകയാണ്. അതേ സമയം ദൗത്യസംഘം തയാറാക്കിയ പദ്ധതിയനുസരിച്ച് അരിക്കൊമ്പന് ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും ചക്കക്കൊമ്പന് ദൗത്യം ഇതില്‍ നിന്നും ഏറെ വിഭിന്നമായിരുന്നു. ദൗത്യസംഘത്തിന്റെ പദ്ധതികളെല്ലാം ചക്കക്കൊമ്പന്റെ കൂര്മബുദ്ധിക്കുപിന്നില് ചില്ലുകൊട്ടാരം പോലെ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു.
Tags : Chakkakomban remains nattu vishesham local news Chakkakomban remains completely unfazed