ജൈസൽ അത്തശേരി, കെ.ടി. ഫാത്തിമ അൻഷി, ഫാത്തിമ മിന.
മലപ്പുറം: ഭിന്നശേഷി ക്ഷേമ, ശാക്തീകരണ, പുനരധിവാസ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലയ്ക്ക് വിവിധ വിഭാഗങ്ങളിലായി ആറ് സംസ്ഥാന പുരസ്കാരങ്ങൾ. മികച്ച നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ തദേശസ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം മൂന്ന് വ്യക്തികളും അവാർഡുകൾക്ക് അർഹരായി. ഡിസംബർ മൂന്നിന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
സ്വകാര്യ മേഖലയിലെ മികച്ച ഭിന്നശേഷി ജീവനക്കാരനായി മൊറയൂർ സ്വദേശി എ. ജൈസൽ അത്തശേരി തിരഞ്ഞെടുക്കപ്പെട്ടു. 75 ശതമാനം കാഴ്ചപരിമിതിയുള്ള ജൈസൽ, പുളിക്കൽ വലിയപറമ്പിലെ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിൽ ജീവനക്കാരനാണ്. കാഴ്ചപരിമിതിയുള്ളവർക്ക് കംപ്യൂട്ടർ കീബോർഡ് സ്വതന്ത്രമായി ഉപയോഗിക്കാനും ടൈപ്പിംഗ് വേഗവും കൃത്യതയും വർധിപ്പിക്കാനും സഹായിക്കുന്ന എബിലിറ്റി ലേണിംഗ് പ്രോ സോഫ്റ്റ്വെയർ വികസിപ്പിച്ചതും സഹായക സാങ്കേതികവിദ്യയിലൂടെ പരിശീലനം നൽകുന്നതുമാണ് അദേഹത്തെ നേട്ടത്തിലേക്ക് നയിച്ചത്.
മികച്ച ഭിന്നശേഷി മാതൃകാ വ്യക്തിയായി എടപ്പറ്റ സ്വദേശിനി ടി.കെ. ഫാത്തിമ അൻഷി അവാർഡിന് അർഹയായി. നൂറ് ശതമാനം കാഴ്ചപരിമിതിയെ മറികടന്ന് കംപ്യൂട്ടർ ഉപയോഗിച്ച് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസും പ്ലസ് ടുവിൽ 99.16 ശതമാനം മാർക്കും ബിരുദതല പരീക്ഷയും നേരിട്ടെഴുതി നേടിയ വിജയങ്ങൾ ശ്രദ്ധേയമാണ്. ഗായിക, ഭാഷാ പഠിതാവ്, മികച്ച എൻഎസ്എസ് വോളന്റിയർ, വിവിധ പുരസ്കാര ജേതാവ് എന്നീ നിലകളിലും അൻഷി തിളങ്ങി.
മികച്ച ഭിന്നശേഷി സർഗാത്മക ബാലികയായി മൂന്നിയൂർ സ്വദേശിനി ഫാത്തിമ മിന തിരഞ്ഞെടുക്കപ്പെട്ടു. മിന ദേശീയ ഡൗൺ സിൻഡ്രോം ഗെയിംസിലും കേരള സ്പെഷ്യൽ ഒളിംപിക്സിലും മെഡലുകൾ നേടിയിട്ടുണ്ട്. വിവിധ റെക്കോർഡുകളിലും കലാ-കായിക മത്സരങ്ങളിലും നേടിയ മികവുകളാണ് മിനയെ പുരസ്കാരത്തിന് അർഹയാക്കിയത്.
മികച്ച നഗരസഭയായി കോട്ടക്കൽ നഗരസഭാ പുരസ്കാരം നേടി. ബഡ്സ് സ്കൂളിൽ തെറാപ്പി ഉപകരണങ്ങളും സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയതും നേരത്തേയുള്ള കണ്ടെത്തലിനുള്ള മെഡിക്കൽ ക്യാംപുകൾ, സ്കോളർഷിപ്പുകൾ, സഹായ ഉപകരണ വിതരണം, കലാ-കായിക പരിപാടികൾ എന്നിവ നടപ്പിലാക്കിയതുമാണ് നഗരസയുടെ പ്രധാന നേട്ടങ്ങൾ.
മികച്ച ബ്ലോക്ക് പഞ്ചായത്തായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ വഴി കുട്ടികൾക്ക് ലഭ്യമാക്കുന്ന തെറാപ്പി സേവനങ്ങളും നേരത്തേയുള്ള ഇടപെടലുകളും ശ്രദ്ധേയമാണ്. അങ്കണവാടികൾ വഴിയുള്ള നിരീക്ഷണം, സ്കോളർഷിപ്പുകൾ, വാർഷിക കലോത്സവങ്ങൾ എന്നിവയും ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
മികച്ച ഗ്രാമപഞ്ചായത്തായി വേങ്ങര ഗ്രാമപഞ്ചായത്ത് അവാർഡിന് അർഹമായി. പൊതുസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ ഒരുക്കിയതും എം-സഹജീവനം ഡിജിറ്റൽ സർവേയും ജിയോ ടാഗിംഗും പൂർത്തിയാക്കിയതും മാതൃകയായി. പ്രത്യേക കോൾ സെന്റർ, സ്കോളർഷിപ്പുകൾക്കും അലവൻസുകൾക്കുമായി ഏകദേശം 50 ലക്ഷം രൂപ വകയിരുത്തിയത്, സഹായ ഉപകരണ വിതരണം, സ്നേഹചായ പദ്ധതി തുടങ്ങിയവയും ഗ്രാമപഞ്ചായത്തിന്റെ നേട്ടത്തിന് കരുത്തേകി.
Tags : Malappuram sets model in welfare nattu vishesham local news Malappuram sets model in welfare persons