ജില്ലാ കലോത്സവത്തോടനുബന്ധിച്ചു കോഴിക്കോട് നഗരത്തിൽ നടന്ന ട്രോഫി വിളംബരയാത്ര. -രമേഷ് കോട്ടൂളി
മുക്കം: കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. സ്റ്റേജിതര മത്സരങ്ങൾ ആദ്യ ദിവസം തന്നെ പൂർത്തിയായെങ്കിലും ഏതാനും ഇനങ്ങളുടെ ഫലം മാത്രമാണ് പുറത്തുവന്നത്. 43 പോയിന്റുമായി കുന്നുമ്മൽ ഉപജില്ല ഒന്നാം സ്ഥാനത്തെത്തി. 41 പോയിന്റുകളുമായി കോഴിക്കോട് സിറ്റി, ചേവായൂർ, ഫറോക്ക്, താമരശേരി, പേരാമ്പ്ര ഉപജില്ലകൾ രണ്ടാം സ്ഥാനത്തും 40 പോയിന്റുകൾ നേടി കൊയിലാണ്ടി, ബാലുശേരി ഉപജില്ലകൾ മൂന്നാം സ്ഥാനത്തുമുണ്ട്. കലോത്സവത്തിന്റെ ഭാഗമായി രചനാമത്സരങ്ങളാണ് നടന്നത്.
കഥയും കവിതയും ഉപന്യാസവും ചിത്രരചനയുമെല്ലാം ചേർന്ന മത്സരങ്ങളിൽ 1034 വിദ്യാർഥികളാണ് തങ്ങളുടെ കഴിവുകൾ മാറ്റുരച്ചത്. ശനിയാഴ്ച രാവിലെ 9.30 മുതൽ പ്രധാന വേദിയായ മുക്കം ഓർഫനേജ് സ്കൂൾ ക്യാമ്പസിൽ പ്രത്യേകം സജ്ജീകരിച്ച വേദികളിലായിരുന്നു മത്സരങ്ങൾ. കഥ, കവിത, ഉപന്യാസം തുടങ്ങിയ സാഹിത്യ ഇനങ്ങൾക്കൊപ്പം പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം, കാർട്ടൂൺ, പോസ്റ്റർ നിർമാണം തുടങ്ങിയ ചിത്രരചനാ മത്സരങ്ങളും അരങ്ങേറി.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു ഭാഷകളിലായി എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. സമകാലിക സാമൂഹിക വിഷയങ്ങൾ, പ്രകൃതിസംരക്ഷണം, മനുഷ്യബന്ധങ്ങളുടെ ആർദ്രത തുടങ്ങി വൈവിധ്യമാർന്ന ആശയങ്ങൾ കുരുന്നുകളുടെ തൂലികയിലും ചിത്രങ്ങളിലും മനോഹരമായി ആവിഷ്കരിക്കപ്പെട്ടു.
മത്സരവേദികളിൽ നിറഞ്ഞുനിന്നത് കുട്ടികളുടെ ഏകാഗ്രതയും സർഗാത്മകതയുമായിരുന്നു. നിശബ്ദമായ അന്തരീക്ഷത്തിൽ ഭാവനയെയും ചിന്തകളെയും അക്ഷരങ്ങളിലേക്കും ചിത്രങ്ങളിലേക്കും പകർത്തുന്ന വിദ്യാർഥികളുടെ കാഴ്ച ശ്രദ്ധേയമായി. വിവിധ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയികളാകുന്നവർക്കുള്ള ട്രോഫികളും പ്രശസ്തിപത്രങ്ങളും ഡിസംബർ മൂന്നിന് നടക്കുന്ന കലോത്സവ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു.
Tags : Arts Festival nattu vishesham local news Literary Competitions Conclude