പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഇടക്കാലത്തിന് ശേഷം ജില്ലയില്‍ പനികേസുകള്‍ വര്‍ധിക്കുന്നു. ഈ മാസം ഒന്ന് മുതല്‍ ഇന്നലെ വരെ 16,528 പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ദിനംപ്രതിയെത്തുന്ന രോഗികളുടെ എണ്ണം ആയിരത്തിനടുത്താണ്.ആരോഗ്യവകുപ്പിന്റ കണക്കുപ്രകാരം ഈ മാസം 3,306 പേരാണ് വയറിളക്കത്തിന് ചികിത്സ തേടിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം മാത്രമാണിത്. നൂറ്റമ്പതോളം പേര്‍ക്ക് ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
രോഗബാധ സംശയിച്ച് 385 പേര് ചികിത്സ തേടി. ഇടവിട്ടുള്ള മഴയ്ക്കുപിന്നാലെ കൊതുകുകള്‍ പെരുകാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രോഗവ്യാപനം കൂടാന്‍ സാധ്യത ഏറെയാണ്. കോര്പറേഷന് പരിധിയില്‍ കല്ലായി, പുതിയങ്ങാടി, പന്നിയങ്കര, വെസ്റ്റ്ഹില്‍,എലത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു.
മെഡിക്കല്‍ കോളജ് ഭാഗത്തുള്ള ഒരുഹോസ്റ്റലില് രോഗം പടര്‍ന്നുപിടിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24ന് മാത്രം 12 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേരും ഒളവണ്ണ സ്വദേശികളാണ്. വേളം, കുണ്ടുതോട്, പെരുവയല്‍, പെരുമണ്ണ, നരിക്കുനി, കക്കോടി, കല്ലായി എന്നിവിടങ്ങളില്‍ ഇടക്കിടെ രോഗം സ്ഥിരീകരിക്കുന്നു. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സാധാരണനിലയില്‍ കാലവര്‍ഷം വിടപറയുന്നതോടെ ഡെങ്കിപ്പനി ബാധിതരുടെ തോത് കുറയുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഓഗസ്റ്റിലും സെപ്തംബറിലും ഒക്ടോബറിലും നവംബറിലും മഴ തുടരുന്നത് ഡെങ്കിപ്പനി സാധ്യത ഇനിയും വര്‍ധിപ്പിക്കുകയാണ്.
ജില്ലയില്‍ അഞ്ചാംപനി വ്യാപനവും ആശങ്കയുയര്‍ത്തുന്നുണ്ട്. ഒരുമാസത്തിനിടെ 105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇൗ മാസം ആദ്യ 15 ദിവസത്തിനിടെ 78 പേര്‍ക്കാണ് അഞ്ചാംപനി പിടിപെട്ടത്. സംസ്ഥാനത്ത് കോഴിക്കോട്ടാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അസുഖമുള്ളത്.
Tags : spread of diseases. nattu vishesham local news Fever raises concerns