കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ രക്ഷപ്പെടുത്തി നെല്ലിക്കുത്ത് ക്യാമ്പിലെത്തിച്ച ആനക്കുട്ടി.
എടക്കര: വഴിക്കടവ് വനം റേഞ്ചിലെ നെല്ലിക്കുത്ത് സ്റ്റേഷന് പരിധിയില്‍ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച ഒരു മാസം പ്രായമുള്ള കൊമ്പനാനക്കുട്ടിയെ വനപാലകര്‍ രക്ഷപ്പെടുത്തി വനം സ്റ്റേഷനിലെത്തിച്ചു.
വനത്തിനുള്ളിലെ അളയ്ക്കല്‍ ഊരിന് മുകള്‍ ഭാഗത്തായി വെള്ളിയാഴ്ചയാണ് എട്ടംഗ ആനക്കൂട്ടം കുട്ടിയെ ഉപേക്ഷിച്ചത്. ആദിവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും വെറ്ററിനറി ഡോക്ടറുമെത്തി ആനക്കുട്ടിയെ കൂട്ടത്തിലേക്ക് തിരിച്ചയച്ചിരുന്നു. വൈകുന്നേരം വരെ കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനക്കുട്ടിയെ ശനിയാഴ്ച രാവിലെ മുത്തന്പുഴയ്ക്ക് സമീപം ഒറ്റയ്ക്ക് ആദിവാസികള്‍ വീണ്ടും കണ്ടെത്തി.
തുടര്‍ന്ന് വഴിക്കടവ് റേഞ്ച് ഓഫിസര്‍ പി. വിമല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സി.പി. മഹ്സൂദ്, വനം വെറ്ററിനറി ഓഫിസര്‍ ഡോ. ശ്യാം എന്നിവര്‍ സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ആനക്കുട്ടിയെ നെല്ലിക്കുത്ത് ക്യാമ്പ് ഷെഡിലേക്ക് മാറ്റി.
Tags : lost elephant calf nattu vishesham local news Forest guards guide